മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് 7 കെഎസ്‍യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്
Feb 19, 2023, 20:58 IST

പാലക്കാടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കരിങ്കൊടി കാണിച്ച ഏഴ് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നല്കിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്കും ധരിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് കോളേജ് എച്ച്ഒഡി വിദ്യാർത്ഥികൾക്ക് നല്കിയ നിർദേശം. എന്നാൽ പൊലീസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.