ബോംബ് നിര്‍മ്മാണം മുഖ്യമന്ത്രിയുടെ അറിവോടെ: എം.എം.ഹസ്സന്‍
Apr 6, 2024, 11:45 IST
പിണറായി സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരെയെല്ലാം പാര്‍ട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയ കൊലയാളികള്‍ പാനൂരില്‍ നിന്നാണ് വന്നത്.
ഇന്നലെ പാനൂരില്‍ കൈവേലിയ്ക്കല്‍ മുളിയാത്തോട് നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും സി.പി.എം പ്രവര്‍ത്തകരാണ്. ബോംബ് നിര്‍മ്മാണം നടത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. എല്ലാ അക്രമങ്ങളെയും തള്ളി പറയുകയും പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന പതിവ് മറുപടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
പാനൂരിലെ ബോംബ് സ്‌ഫോടനവും മരണവും ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് പരാജയഭീതിയില്‍ നിന്നുമാണ് സി.പി.എം വീണ്ടും ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍
കലാപമുണ്ടാക്കി സമാധാനകാംക്ഷികളുടെ വോട്ട് മരവിപ്പിക്കുകയാണ് സി.പി.എം തന്ത്രം. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിരാളികളെ ഭയചകിതരാക്കി ഓടിച്ച് ബൂത്തുകള്‍ കയ്യേറി കള്ളവോട്ട് ചെയ്യാനാണ് ഗൂഢപദ്ധതി.
രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വകവരുത്തിയും ഇല്ലായ്മ ചെയ്യുകയെന്ന പഴയ ഉന്മൂലനസിദ്ധാന്തമാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നത്. ലോകവ്യാപകമായി കമ്മ്യൂണിസം തകര്‍ന്നെങ്കിലും ഹിംസാത്സകമായ ക്രൂരതയിലൂടെ എതിരാളികളെ കൊന്ന് പാര്‍ട്ടി മേധാവിത്വം തുടരുകയെന്ന സ്റ്റാലിനിസ്റ്റ് വിധ്വംസക രാഷ്ട്രീയനയം കേരളത്തിലെ സി.പി.എം ഇനിയും ഉപേക്ഷിച്ചിട്ടില്ല.