കേരളത്തില്‍ സഹകരണ നിക്ഷേപത്തില്‍ കുതിപ്പ്.

 
vasavan

സംസ്ഥാനത്ത് സഹകരണ ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തില്‍ എത്രശതമാനം കുറവ് ഉണ്ടായി എന്ന അന്‍വര്‍ സാദത്തിന്റെയും, ഷാഫി പറമ്പിലിന്റെയും ചോദ്യത്തിന് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-21 , 2021-22 വര്‍ഷങ്ങളില്‍ നിക്ഷേപത്തില്‍ കുറവ് ഉണ്ടാവുകയല്ല, മറിച്ച് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എന്ന് മന്ത്രി കണക്കുകള്‍ ഉദ്ധരിച്ച് മറുപടി നല്‍കി.

2020-21 വര്‍ഷത്തില്‍ അതിന് തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 8439.51 കോടിരൂപയുടെ വര്‍ദ്ധനവും.  2021-22 ല്‍ 9967.43 കോടി രൂപയുടെ വര്‍ദ്ധനവുമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള പ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായിട്ടണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ള പ്രസ്ഥാനമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നോട്ടു കുതിക്കുകയാണെന്നും  മന്ത്രി പറഞ്ഞു.