ബ്രഹ്മപുരം തീപിടുത്തം; ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും

ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ ടെൻഡറിനുള്ള കരാർ നൽകിയത് സിപിഎം നേതാവിൻ്റെ കമ്പനിക്ക്

March 11, 2023

 
ppp

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി ഇന്ന് സ്ഥലം സന്ദർശിക്കും. ശുചിത്വമിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് സ്ഥലത്തെത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കാൻ ഇന്ന് മുതൽ പുതിയ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ബ്രഹ്മപുരം പ്ലാൻ്റിന് മുന്നിൽ പുലർച്ചെയും പ്രതിഷേധം നടന്നു. അമ്പതോളം മാലിന്യ വണ്ടികൾ പ്ലാന്‍റിൽ എത്തിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധത്തിനിറങ്ങിയത്. തുടർന്ന് പൊലീസ് സംരക്ഷണയിൽ ലോറികൾ പ്ലാന്‍റിലെത്തിച്ചു. കൊച്ചി നഗരത്തിൽ നിന്നുള്ള മാലിന്യമാണ് പ്ലാൻ്റിലെ തീ പിടിക്കാത്ത സ്ഥലത്ത് നിക്ഷേപിക്കാൻ കൊണ്ട് വന്നത്. പ്രതിഷേധത്തെ തുടർന്ന് അമ്പലമേട്ടിൽ മാലിന്യം എത്തിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ബ്രഹ്മപുരത്ത് എത്തിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് മാലിന്യങ്ങളുമായി ലോറികൾ പ്ലാന്‍റിൽ എത്തിച്ചത്. തരംതിരിക്കാതെയാണ് മാലിന്യം കൊണ്ടുവന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

 അഴിമതി ആരോപണം ഉയർന്ന ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ ടെൻഡറിനുള്ള കരാർ കഴിഞ്ഞ വർഷം നൽകിയത് സി.പി.എം നേതാവിന്‍റെ കമ്പനിക്ക്. സ്റ്റാർ കൺസ്ട്രക്ഷൻസിന്‍റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നെന്ന പരാതിയിലും കമ്പനി വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. കൊച്ചി കോർപ്പറേഷനിൽ ദൈനംദിന മാലിന്യ സംസ്കരണത്തിന് കരാർ ലഭിച്ച ഏറ്റവും ഒടുവിലത്തെ കമ്പനിയാണ് സ്റ്റാർ കൺസ്ട്രക്ഷൻസ്. മാർച്ച് രണ്ടിനാണ് കരാർ കാലാവധി അവസാനിച്ചത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സക്കീർ ബാബു, വിവാദ സി.പി.എം നേതാവ് സക്കീർ ഹുസൈൻ നയിക്കുന്ന സംഘടനയുടെ വൈസ് പ്രസിഡന്‍റ് സേവി ജോസഫ് എന്നിവരാണ് കമ്പനിയുടെ ഉടമകൾ.

2021 ഏപ്രിൽ 21നാണ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്. സ്റ്റാർ കൺസ്ട്രക്ഷൻസിന് മാലിന്യ സംസ്കരണത്തിൽ യാതൊരു മുൻ പരിചയവുമില്ലായിരുന്നു. എന്നാൽ ടെക്നോ ഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടതുമുതൽ മുഴുവൻ ദുരൂഹതകളാണ്. പ്രതിദിനം 250 ടൺ മാലിന്യം സംസ്കരിക്കുന്നതിൽ പരിചയം ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. പ്രതിദിനം 100 ടൺ സംസ്കരണം പോലും നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവർത്തി പരിചയം കാണിച്ച് ടെക്നിക്കൽ ബിഡ് വിജയിച്ചു എന്നതാണ് പ്രധാന ആരോപണം.

സ്റ്റാർ കൺസ്ട്രക്ഷൻസിന് സഹായം നൽകിയെന്ന ആരോപണത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ല. കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കൊപ്പം സി.പി.ഐ കൗൺസിലർ സി.എ.ഷക്കീറും അഴിമതി ആരോപണം ഉയർത്തുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.