70 മില്യണ്‍ യൂറോയുടെ പ്ലാന്റ് നിക്ഷേപങ്ങള്‍ നടത്തി ഡിഎസ്എം ഫിര്‍മെനിക്

 
dsm-firmenich Plant Inauguration
കൊച്ചി: പ്രാദേശികമായ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും രുചിയുടെ മേഖലയിലെ പുതു ചുവടുവെപ്പുകൾക്കുമായി 70 മില്യണ്‍ യൂറോയുടെ പ്ലാന്റ് നിക്ഷേപങ്ങള്‍ നടത്തി ഡിഎസ്എം ഫിര്‍മെനിക് (dsm-firmenich). ഇതിന്റെ ഭാഗമായി, കേരളത്തില്‍ പുതുതായി വികസിപ്പിച്ച സീസണിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും ഗുജറാത്തില്‍ അതിനൂതന ഗ്രീന്‍ഫീല്‍ഡ് ടേസ്റ്റ് നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും കമ്പനി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ക്ക് രണ്ടിനുംകൂടി 70 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തി, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നൂത വികാസങ്ങൾക്കും പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമായി കമ്പനി മുൻഗണന നൽകും.

തുറവൂരില്‍ ഉള്ള, പുതുതായി വികസിപ്പിച്ച പ്ലാന്റ് എഥിലീന്‍ ഓക്‌സൈഡ് (EtO) രഹിത സീസണിങ് മാത്രമേ ഉത്പാദിപ്പിക്കൂ. ഈ പ്ലാന്റ് പൂര്‍ണ്ണമായും പുനരുപയോഗ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജലസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുകയും മികച്ച പ്രവര്‍ത്തന കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുകയും ഒപ്പം 150 പുതിയ പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഗുജറാത്തിലെ വഡോദരയിലാണ് 56,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ ഗ്രീന്‍ഫീല്‍ഡ് ടേസ്റ്റ് പ്ലാന്റ് ഡിഎസ്എം ഫിര്‍മെനിക് പുതുതായി നിർമ്മാണം ആരംഭിക്കുന്നത്.