വനം വകുപ്പും ഐ ആര്‍ എല്ലുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി എംബസി ടോറസ് ടെക്‌സോണ്‍
റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആഗോള പ്രമുഖരായ എംബസി ടോറസ് ടെക്‌സോണ്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന വനം വകുപ്പിന്റെയും ഇന്ത്യന്‍ റേസിംഗ് ലീഗി(ഐ ആര്‍ എല്‍)ലെ കൊച്ചി ഗോഡ്സ്പീഡ് ടീമിന്റെയും പങ്കാളിത്തത്തോടെ 'എ ട്രീ ഫോര്‍ എവെരി ലാപ്' ഹരിത പദ്ധതി നടപ്പാക്കുന്നു. രാജ്യത്ത് ഇത്തരത്തില്‍ പ്രഥമമായ സംരംഭത്തിന്റെ ഭാഗമായി ഇക്കൊല്ലത്തെ ഐ ആര്‍ എല്‍ പതിപ്പില്‍ കൊച്ചി ഗോഡ്സ്പീഡ് ടീം പിന്നിടുന്ന ഓരോ ലാപ്പിലും ഓരോ മരം നടും. തിരുവനന്തപുരം കഴക്കൂട്ടം ഫ്ളൈഓവറിനു താഴെയാണ് വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്.
വനസമ്പത്തിന്റെ പരിപാലനം പ്രാഥമികവും പ്രധാനവുമായ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന വനം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പുകഴേന്തി പളനി പറഞ്ഞു. പരിസ്ഥിതി പുനഃസ്ഥാപന യജ്ഞത്തിനായി വനം വകുപ്പുമായി കൈകോര്‍ത്തുകൊണ്ട് കേരളത്തിലെ കാര്‍ റേസിംഗ് ടീം ലോകത്തിനു മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം പ്രധാന ഉത്തരവാദിത്വമായി കണ്ട് പ്രതിബദ്ധതയോടെ ആവിഷ്‌കരിച്ച കാമ്പയിനാണിതെന്ന് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്സ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് അഡൈ്വസറി എല്‍എല്‍പി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആര്‍ അനില്‍കുമാര്‍ പറഞ്ഞു. പ്രകൃതിയുമായി ഇണങ്ങിയതും തിരുവനന്തപുരത്തിനു യോജിച്ച കാഴ്ചപ്പാടിന് അനുസൃതമായതുമായ വികസനവും ബിസിനസുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു
കഴക്കൂട്ടം മേല്‍പ്പാലത്തിന് താഴെയുള്ള സ്ഥലം ഹരിതവത്ക്കരിക്കുന്നതിനും മനോഹരമാക്കുന്നതിനും എംബസി ടോറസ് ടെക്‌സോണ്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വായു മലിനീകരണ ലഘൂകരണം, റോഡ് സുരക്ഷ, മാലിന്യ സംസ്‌കരണം, മയക്കുമരുന്ന് ഉപയോഗം തടയല്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണത്തിന് പ്രാദേശിക കൂട്ടായ്മകളെ ഭാഗഭാക്കാക്കി കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. സ്‌പോര്‍ട്ട്‌സിനു കൂടുതല്‍ ഊന്നല്‍ നല്‍കി മയക്കുമരുന്ന് വിപത്തിനെതിരെ മികച്ച പ്രതിരോധ ഉപാധിയാക്കും.