ഇന്ത്യയിലേക്ക് സ്ഥിരതാമസത്തിനായി എത്തുന്ന വിദേശികള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ആശങ്ക : എച്ച്എസ്ബിസി സര്‍വ്വേ

 
HDFC
ഇന്ത്യയിലേക്ക് സ്ഥിരതാമസത്തിനു വരുന്ന വിദേശികള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ പ്രതികൂല ഘടകമാകുന്നു എന്ന് എച്ച്എസ്ബിസി നടത്തിയ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.  സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യയിലേക്കു സ്ഥിരതാമസത്തിനായി എത്താന്‍ പദ്ധതിയിടുന്ന പകുതിയിലേറെ പേര്‍ക്കും തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ കുറിച്ചു ധാരണയില്ല.ബാങ്ക് അക്കൗണ്ട്,  ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ഫോണ്‍, യുട്ടിലിറ്റീസ് തുടങ്ങിയ അവശ്യ സേവനങ്ങളുടെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും പ്രതികരിച്ചത്. അന്താരാഷ്ട്ര പൗരന്‍മാരുടെ സാമ്പത്തിക ജീവിതത്തെ കുറിച്ചു മനസിലാക്കുന്നതിനാണ് ബാങ്ക് വിവിധ വിപണികളിലായുള്ള പഠനം നടത്തിയത്.

ഒരു രാജ്യത്തു നിന്നു മറ്റൊരിടത്തേക്കു നീങ്ങുമ്പോള്‍ ക്രഡിറ്റ് ഹിസ്റ്ററി കൈമാറാനാകാത്തത് വലിയൊരു ബുദ്ധിമുട്ടാണ്.  ഇന്ത്യയിലെ 78 ശതമാനത്തോളം അന്താരാഷ്ട്ര പൗരന്‍മാരും ഈ പ്രശ്നം മൂലം ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും പോലുള്ള അവശ്യ സേവനങ്ങള്‍ നേടുന്നതില്‍ ബുദ്ധിമുട്ട്് അനുഭവിച്ചു.  ഇതിനകം തന്ന ഇന്ത്യയിലേക്കു മാറിയവരില്‍ 67 ശതമാനം പേര്‍ക്കും സാമ്പത്തിക ആസൂത്രണത്തിന് ഒരു സഹായവും ലഭിച്ചില്ല എന്നാണ് പ്രതികരണം.  മാറാനായി ഇപ്പോഴും പദ്ധതിയിട്ടു കൊണ്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക തയ്യാറെടുപ്പുകള്‍ക്കായുള്ള ഒരു സഹായവും ലഭിച്ചില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം അഭിപ്രായപ്പെടുന്നു. കുടുംബത്തിന്റെ സുസ്ഥിരതയാണ് ഇന്ത്യയിലേക്കു നീങ്ങുന്നതിന്റെ കാരണമായി 26 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നത്.  മെച്ചപ്പെട്ട സാങ്കേതികവിദ്യ മൂലം എവിടെ നിന്നും ജോലി ചെയ്യാനാവും എന്നത് ഗുണകരമായെന്ന് 23 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുന്നു.  മെച്ചപ്പെട്ട ജീവിത ശൈലികള്‍ക്കായാണ് 20 ശതമാനം പേര്‍ ഇന്ത്യയിലേക്കു നീങ്ങുന്നത്.  ജീവിതവും ജോലിയും മികച്ച രീതിയില്‍ സന്തുലനം ചെയ്തു കൊണ്ടു പോകാമെന്ന് 23 ശതമാനം പേര്‍ കരുതുമ്പോള്‍ 20 ശതമാനം പേര്‍ തങ്ങളുടെ പണം കൂടുതല്‍ പ്രയോജനപ്പെടുത്താമെന്നും 21 ശതമാനം പേര്‍ കൂടുതല്‍ സുസ്ഥിരമായ പരിസ്ഥിതിയില്‍ ജോലി ചെയ്യാമെന്നും 20 ശതമാനം പേര്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുമെന്നും കരുതുന്നു.  

വിവിധ മേഖലകളിലുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കും വിധം അന്താരാഷ്ട പദ്ധതികളും സേവനങ്ങളും എച്ച്എസ്ബിസി പുനര്‍ അവതരിപ്പിക്കുന്ന വേളയിലാണ് ഈ പഠനം.  അന്താരാഷ്ട്ര തലത്തില്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായി മാറരുതെന്ന് പഠനത്തിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കവെ എച്ച്എസ്ബിസി റീട്ടെയില്‍ ബാങ്കിങ്, സ്ട്രാറ്റജി, വെല്‍ത്ത് ആന്റ് പേഴ്സണല്‍ ബാങ്കിങ് ഗ്രൂപ് മേധാവി തയ്ലാന്‍ തരുണ്‍ പറഞ്ഞു.