സാമ്പത്തിക സാക്ഷരത ബോധവത്കരണം സംഘടിപ്പിച്ചു

 
BAJAJ

പാലക്കാട്: ഗ്രാമീണ മേഖലകളിലും വിദ്യാർത്ഥികൾക്കിടയിലും സാമ്പത്തിക അച്ചടക്കവും സൈബർ സുരക്ഷാ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിൽ 'അർത്ഥസൂത്ര സംവാദ്' പരിപാടി സംഘടിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാ സംരംഭത്തിന്റെ ഭാഗമായി ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ശിൽപ്പശാലകൾ സംഘടിപ്പിച്ചത്. പുതുശ്ശേരി ഗാന്ധി ആശ്രമം, പാലക്കാട് ഐഡിഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസ് എന്നിവിടങ്ങളിലായാണ് ശില്പശാലകൾ നടന്നത്.

സിവിൽ പോലീസ് ഓഫീസർ സജീവ് കുമാറും എഎസ്ഐ ശശി വി.പി.യും സൈബർ-സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും ക്ലാസുകൾ നയിച്ചു.വ്യക്തിഗത വിവരങ്ങൾ, ബാങ്കിംഗ് വിശദാംശങ്ങൾ, ഒടിപി, പാസ്‌വേഡുകൾ എന്നിവ യാതൊരു കാരണവശാലും അപരിചിതരുമായി പങ്കുവെക്കരുതെന്ന് സിവിൽ പോലീസ് ഓഫീസർ സജീവ് കുമാറും എഎസ്ഐ ശശി വി.പി.യും മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടനടി '1930' എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെടണമെന്നും അവർ വ്യക്തമാക്കി. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ടുകളോ വായ്പാ പ്രശ്നങ്ങളോ നേരിടുമ്പോൾ മാനസികമായി തകരാതെ പോലീസിന്റെയോ കുടുംബത്തിന്റെയോ സഹായം തേടണമെന്നും പോലീസ് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

സമ്പാദ്യ ശീലങ്ങൾ വളർത്തൽ, കാര്യക്ഷമമായ സാമ്പത്തിക ആസൂത്രണം, ഉത്തരവാദിത്തമുള്ള വായ്പയെടുക്കൽ, കൃത്യസമയത്തുള്ള തിരിച്ചടവ് എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ശിൽപ്പശാലയിൽ വിശദമായ ക്ലാസുകൾ നടന്നു. ഡിജിറ്റൽ ലോകത്ത് വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ, വ്യാജ നിക്ഷേപ പദ്ധതികൾ, വാട്ട്സ്ആപ്പ് തട്ടിപ്പുകൾ, 'ഡിജിറ്റൽ അറസ്റ്റ്' തുടങ്ങിയ അപകടങ്ങളെക്കുറിച്ച് പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും കൃത്യമായ ബോധവത്ക്കരണവും പരിപാടിയിലൂടെ നൽകി.ശിൽപ്പശാലയിൽ പുതുശ്ശേരി ഗാന്ധി ആശ്രമം സ്ഥാപകൻ ശ്രീനിവാസൻ, ഐഡിഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ നവീൻ തുടങ്ങിയവർ പങ്കെടുത്തു.