ഉപയോഗിച്ച ലൂബ്രിക്കന്റുകളുടെ പുനരുപയോഗത്തിന് ടാറ്റ മോട്ടോഴ്‌സും പെട്രോണാസും കൈകോർക്കുന്നു
കൊച്ചി: ഉപയോഗിച്ച ഓട്ടോമോട്ടീവ് ലൂബ്രിക്കന്റുകളുടെ ശേഖരണവും പുനരുപയോഗവും ലക്ഷ്യമിട്ട് പെട്രോണാസ് ലൂബ്രിക്കന്റ്സ് ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും ധാരണാപത്രത്തിൽ ഒപ്പുവച്ചു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഉപയോഗിച്ച ലൂബ്രിക്കന്റുകൾ ശാസ്ത്രീയമായി ശേഖരിച്ച് അംഗീകൃത റീസൈക്ലർമാർക്ക് കൈമാറും.
പദ്ധതിയുടെ ഭാഗമായി അപകടകരമായ മാലിന്യമായി കണക്കാക്കുന്ന ഉപയോഗിച്ച ലൂബ്രിക്കന്റുകളുടെ ശേഖരണം, സംഭരണം, പുനരുപയോഗം എന്നിവയ്ക്കായി ക്രമബദ്ധവും പിന്തുടരാനാകുന്നതുമായ സംവിധാനം ഒരുക്കും. ശേഖരിക്കുന്ന ഉപയോഗിച്ച എണ്ണ രജിസ്റ്റർ ചെയ്ത അംഗീകൃത റീസൈക്ലർമാർക്ക് കൈമാറി ഉയർന്ന നിലവാരമുള്ള റീ-റിഫൈൻഡ് ബേസ് ഓയിലാക്കി മാറ്റും.
പെട്രോണാസ് ലൂബ്രിക്കന്റ്സ് ഇന്ത്യ അംഗീകൃതവും പ്രത്യേക സംവിധാനങ്ങളുള്ളതുമായ ശേഖരണ മാർഗങ്ങളിലൂടെ ഉപയോഗിച്ച ലൂബ്രിക്കന്റുകളുടെ ശേഖരണവും നീക്കവും ഏകോപിപ്പിക്കും. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വിപുലമായ അംഗീകൃത സർവീസ് ശൃംഖല ഉപയോഗപ്പെടുത്തി ഉപയോഗിച്ച ലൂബ്രിക്കന്റുകളുടെ ക്രമബദ്ധമായ ശേഖരണത്തിനും ഉത്തരവാദിത്തപരമായ നിർമാർജനത്തിനും പിന്തുണ നൽകും.
ഇന്ത്യയിലെ വികസിച്ചുവരുന്ന എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി (EPR) ചട്ടക്കൂടിന് പിന്തുണ നൽകുന്നതിനൊപ്പം വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം മെച്ചപ്പെടുത്തുകയും പരിസ്ഥിതി അപകടസാധ്യത കുറയ്ക്കുകയും രാജ്യത്തിന്റെ സർക്കുലർ ഇക്കോണമി ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
“ഉപയോഗിച്ച എണ്ണയുടെ യഥാർഥ സർക്കുലാരിറ്റി സാധ്യമാകുന്നത് റീ-റിഫൈൻഡ് ബേസ് ഓയിൽ വീണ്ടും ലൂബ്രിക്കന്റുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുമ്പോഴാണ്. ടാറ്റ മോട്ടോഴ്‌സുമായുള്ള സഹകരണം ഉപയോഗിച്ച എണ്ണയുടെ സർക്കുലാരിറ്റിക്കായി വിപുലീകരിക്കാവുന്ന മാതൃക വികസിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പാണ്.” പെട്രോണാസ് ലൂബ്രിക്കന്റ്സ് ഇന്ത്യ ഇന്ത്യ എം.ഡി. ബിനു ചാണ്ടി പറഞ്ഞു.
