നികുതി വിദഗ്ധരെ ടാലി സൊല്യൂഷൻസ് ആദരിച്ചു

 
Tally

കൊച്ചി: എംഎസ്എംഇകളുടെ ഡിജിറ്റൽ പരിവർത്തനത്തിനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊച്ചിയിലെ നികുതി വിദഗ്ധർക്ക് ടാലി സൊല്യൂഷൻസിൻ്റെ ആദരം. ടാലി സൊല്യൂഷൻസ് സംഘടിപ്പിച്ച 'ടാക്‌സ് ആൻഡ് അക്കൗണ്ടിംഗ് ടൈറ്റൻസ്' എന്ന പ്രത്യേക പരിപാടിയിലൂടെയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ(എംഎസ്എംഇ) ആവശ്യങ്ങൾക്കായി മികച്ച പ്രവർത്തനത്തിനങ്ങൾ കാഴ്ചവെക്കുന്ന ജി.എസ്.ടി.പി-കൾ, അക്കൗണ്ടൻ്റുമാർ, നികുതി അഭിഭാഷകർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരെ ആദരിച്ചത്. കൊച്ചിയിലെ ടാക്സ് ആൻഡ് അക്കൗണ്ടിംഗ് കമ്മ്യൂണിറ്റിയുടെ പ്രധാന സംഭാവനകളെ അംഗീകരിച്ച് മേഖലയിൽ മികച്ച പ്രകടനം നടത്തിയ കൊച്ചിയിൽ നിന്നുള്ള 9 പ്രഗത്ഭ പ്രൊഫഷണലുകൾ  ടാലിയുടെ ആദരമേറ്റുവാങ്ങി. ടി.ജെ വിനോദ് എം.എൽ.എ, എറണാകുളം ടാക്സ് പേയർ സർവീസ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിജയികളെ ആദരിച്ചത്.

15 വർഷത്തിലേറെയായി എംഎസ്എംഇകളെ വളരാൻ സഹായിക്കുന്നവർക്കായി അക്കൗണ്ടിംഗ് മയിസ്‌ട്രോ, 5 വർഷത്തിൽ താഴെ മികച്ച പ്രവർത്തിപരിചയമുള്ളവർക്കായി എമർജിംഗ് സ്റ്റാർ, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗമികവിന് ടെക് ഇന്നൊവേറ്റർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് വിജയികളെ അംഗീകരിച്ചത്. തടസ്സങ്ങളില്ലാത്ത സാങ്കേതിക സംയോജനത്തിലൂടെ ബിസിനസുകൾക്ക് അഭിവൃദ്ധി നൽകുന്ന ഭാവിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാലി സൊല്യൂഷൻസ് സൗത്ത് സോൺ ജനറൽ മാനേജർ അനിൽ ഭാർഗവൻ പറഞ്ഞു.