കരിയർഗൈഡൻസ് തൊഴിൽ സമീപനത്തിൽ മാറ്റമുണ്ടാക്കും: മന്ത്രി വി.ശിവൻകുട്ടി

 
sivakutty

സ്‌കൂൾ വിദ്യാഭ്യാസത്തിൽ കരിയർ ഗൈഡൻസിന് നിർണായക പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ)-ന്റെ സഹകരണത്തോടെ വാമനപുരം നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അക്ഷരോത്സവം 2023 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് അവരുടെ താത്പര്യങ്ങൾക്കും അഭിരുചിക്കും മൂല്യങ്ങൾക്കുമനുസരിച്ചുള്ള തൊഴിൽ സാധ്യതകൾ മനസിലാക്കുന്നതിന് കരിയർ ഗൈഡൻസ് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കരിയർ ആസൂത്രണത്തിൽ സജീവമായ സമീപനം വളർത്തുന്നതിലൂടെ വിദ്യാർത്ഥികൾക്ക് തൊഴിൽ വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുവാനും പ്രൊഫഷണൽ ജീവിതത്തിൽ മികച്ച തീരുമാനമെടുക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 

വെഞ്ഞാറമൂട് കീഴായികോണം സ്മിത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് വകുപ്പ് ഡയറക്ടർ വീണ എൻ. മാധവൻ മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവരും പങ്കെടുത്തു.