മുഖ്യമന്ത്രി 100 കോടി കൈപ്പറ്റിയെന്ന ആരോപണം കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണം: കെ.പി.സി.സി അധ്യക്ഷന്‍
മാസപ്പടിയില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും 100 കോടിയോളം രൂപ കൈപ്പറ്റിയെന്നുമുള്ള മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ നിരത്തി ആരോപണങ്ങള്‍ വരുന്നത് അപൂര്‍വമാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ലാവലിന്‍ അഴിമതി തുകയായ 266 കോടി രൂപയുടെ ഏതാണ്ട് അടുത്തുവരുന്ന കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ അഴിമതിയായി ഇതു മാറുകയാണ്. കേരളത്തിലെ ഏറ്റവും പ്രമാദമായ രണ്ട് അഴിമതികളിലും പിണറായി വിജയന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നുവെന്നതിനും അതിലേറെ പ്രാധാന്യമുണ്ട്.
കേരളത്തിന്റെ കരിമണല്‍ വിറ്റ് പണമാക്കി കൈതോലപ്പായയില്‍ കൊണ്ടു പോകുകയും 51 ഏക്കര്‍ ഭൂമി കരിമണല്‍ കമ്പനിക്ക് ക്രമപ്പെടുത്തിക്കൊടുക്കാന്‍ വഴിവിട്ടു പ്രവര്‍ത്തിക്കുകയും ചെയത് മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ല. മുഖ്യമന്ത്രി പദവിയില്‍ ഇരുന്നു കൊണ്ടാണ് മുഖ്യമന്ത്രി അഴിമതി നടത്തിയത്. ഇതേക്കുറിച്ച് അന്വേഷിക്കാനോ ആത്മാഭിനമുണ്ടെങ്കില്‍ രാജിവച്ചു പോകാനോ പിണറായി തയാറാകണം. പിണറായി വിജയനെതിരേ കോടിതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമനടപടികള്‍ സ്വീകരിക്കും.
എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തില്‍ ഇത്രയും വലിയ അഴിമതിയുടെ അടിവേരുകള്‍ കണ്ടെത്താനാകില്ല. എട്ട് മാസത്തെ കാലവധി നല്‍കിയതിലൂടെ അന്വേഷണം അനന്തമായി നീട്ടാനാണ് പദ്ധതി. സിപിഎം -ബിജെപി അന്തര്‍ധാര സജീവമായി നില്ക്കുന്ന സാഹചര്യത്തില്‍ നീതി കിട്ടണമെങ്കില്‍ ശക്തമായ അന്വേഷണം തന്നെ ഉണ്ടാകണം. 2019ല്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ മാസപ്പടിയെക്കുറിച്ചും 135 കോടിയുടെ കൈമാറ്റത്തെക്കുറിച്ചും വ്യക്തമായ തെളിവ് കിട്ടിയതാണ്. ഇതില്‍ 95 കോടിയും പി.വിക്കു കൈമാറിയെന്നാണ് രേഖകള്‍. ആ പി.വി പിണറായി വിജയനല്ലാതെ മറ്റാരുമല്ലെന്നത് വ്യക്തമാണ്. കുഴല്‍നാടന്റെ വെളിപ്പെടുത്തലിലൂടെ അത് വ്യക്തമായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ സയാമിസ് ഇരട്ടകളെപ്പോലെ സംസാരിക്കുന്ന രണ്ടു നേതാക്കളെ കണ്ട് കേരളം അത്ഭുതം കൂറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രനുമാണവര്‍. എന്തൊരു ഐക്യമാണ് അവര്‍ തമ്മില്‍? കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അതു ബിജെപിക്കു ചെയ്യുന്നതിനു തുല്യമാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കേരളത്തില്‍ എല്‍.ഡി.എഫിനെ എതിര്‍ക്കാന്‍ ബി.ജെ.പി മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് സുരേന്ദ്രനും പറയുന്നു. കോണ്‍ഗ്രസിനെ നശിപ്പിക്കണമെന്നും തകര്‍ക്കണമെന്നുമാണ് ഇരുകൂട്ടരും ആഗ്രഹിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ കൂട്ടുകെട്ട് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതല്‍ സുദൃഢമായിട്ടുണ്ട്. തൃശൂരിലാണ് ഈ കൂട്ടുകെട്ട് ഏറ്റവും കാര്യക്ഷമമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സി.പി.എം ബി.ജെ.പിയുടെ അഞ്ചാംപത്തിയാണെന്നതില്‍ സംശയമില്ല.
വയനാട് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്റെയും ഇടപെടലിനെ തുടര്‍ന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നടപടി. എന്നാല്‍ കര്‍ണാടക ബി.ജെ.പി ഘടകം വിവാദമുണ്ടാക്കിയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കാമെന്ന് ഏറ്റ തുക വേണ്ടെന്ന് അജീഷിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ അജീഷിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തും. അജീഷിന്റെ കുടുംബത്തിന് കെ.പി.സി.സി ധനസഹായം നല്‍കും.