കെ-ഫോണ്‍ കൊള്ള സി.ബി.ഐ അന്വേഷിക്കണം; 35 ദിവസവും മുഖ്യമന്ത്രി ഒരേ കാര്യം പ്രസംഗിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയും ഭരണ പരാജയവും മറച്ചുവയ്ക്കന്‍; പ്രതിപക്ഷ നേതാവ്

1500 കോടിയുടെ കെ- ഫോണ്‍ കൊണ്ടുവന്നത് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാന്‍;സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കാന്‍ ശ്രമിക്കുന്ന് കരുവന്നൂര്‍ കൊള്ളയില്‍ നേതാക്കളുടെ അറസ്റ്റ് ഒഴിവാക്കാന്‍
 
V D

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സ്വന്തം ഭരണനേട്ടങ്ങള്‍ പറയാനാകാതെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും മറച്ചുവച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 35 ദിവസമായി എഴുതി തയാറാക്കിയ ഒരേ പ്രസംഗം മുഖ്യമന്ത്രി വായിക്കുന്നത്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്ന പിണറായി വിജയന്‍ മോദിയെയും ബി.ജെ.പിയെയും വെറുതെ വിടുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുന്നു.

18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017-ല്‍ കൊണ്ടു വന്ന കെ ഫോണ്‍ പദ്ധതി 2024 ലും നടപ്പാക്കാനായില്ല. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നത് നിയോജകമണ്ഡലങ്ങളില്‍ ആയിരം വീതം 14000 ആയി കുറച്ചു. അവസാനം 7000 പേര്‍ക്ക് പോലും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാതെ അതിനായി നിയോഗിച്ചിരുന്ന കമ്പനികള്‍ പണി നിര്‍ത്തിപ്പോയി. ടെന്‍ഡര്‍ നടപടിക്ക് ശേഷം 1000 കോടിയുടെ പദ്ധതിയില്‍ 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1500 കോടിയാക്കി. എസ്.ആര്‍.ഐ.ടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിന് പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ കമ്പനികള്‍ക്കെല്ലാം ചേര്‍ന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്. 

പദ്ധതിക്ക് വേണ്ടി കിഫ്ബിയില്‍ നിന്നും കടമെടുത്ത 1032 കോടി അടുത്തമാസം മുതല്‍ പ്രതിവര്‍ഷം 100 കോടി വീതം തിരിച്ചടയ്ക്കണം. എവിടുന്ന് കൊടുക്കും ഈ പണം? പദ്ധതിയില്‍ നിന്നും ഒരു രൂപയും കിട്ടാത്ത സാഹചര്യത്തില്‍ 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് 1500 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയെക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താന്‍ തയാറാകണം. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തില്‍ സി.ബി.ഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികള്‍ തന്നെയാണ് എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലും. കണ്‍സോര്‍ഷ്യത്തിന് ഭാഗമായ എസ്.ആര്‍.ഐ.ടി കരാര്‍ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഏഴ് കൊല്ലമായിട്ടും പൂര്‍ത്തിയാക്കാത്ത സ്വന്തക്കാരുടെ കമ്പനിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെ-ഫോണ്‍ കൊള്ളയില്‍ ഗൗരവതരമായ അന്വേഷണം നടത്തണം. 

മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതികളും ഭരണപരാജയവും കെടുകാര്യസ്ഥതയും സംബന്ധിച്ച ഒരു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കില്ല. സംസ്ഥാനത്തെ ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റേറുകളില്‍ സാധനങ്ങളുമില്ല. 16000 കോടിയാണ് കരാറുകാര്‍ക്ക് നല്‍കാനുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ത്തത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ മാത്രം പ്രസംഗിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ അതിന്റെ ഗുണം ആര്‍ക്കായിരിക്കുമെന്നതാണ് പിണറായി വിജയനോടുള്ള ചോദ്യം. രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന്‍ സംസാരിക്കുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടിയാണ്. തൃശൂരില്‍ സി.പി.എം പരസ്യമായി ബി.ജെ.പിയെ സഹായിക്കുകയാണ്. അതിന്റെ ഭാഗമായാണ് തൃശൂര്‍ മേയര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി സംസാരിച്ചത്. കരുവന്നൂരിലെ ഇ.ഡി അന്വേഷണ ഭീതിയിലാണ് തൃശൂരിലെ സി.പി.എം നേതാക്കള്‍. കരുവന്നൂരിലെ 300 കോടി രൂപ കൊള്ളയടിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നാല്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ അറസ്റ്റിലാകും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സി.പി.എം വോട്ടുകള്‍ ബി.ജെ.പി മറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പിണറായി വിജയനെയും സി.പി.എമ്മിനെയും ഭരിക്കുന്നത്. ആ ഭയമാണ് ബി.ജെ.പി മുതലെടുക്കാന്‍ ശ്രമിക്കുന്നത്. തൃശൂരില്‍ സി.പി.എം- ബി.ജെ.പി ബന്ധം പരസ്യമായിരിക്കുകയാണ്. എവിടെയൊക്കെ ബന്ധമുണ്ടാക്കിയാലും ബി.ജെ.പിയെ കേരളത്തില്‍ വിജയിപ്പിക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. 

വന്യമൃഗ ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുയാണ്. 92 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന ഇ.എസ്.എ സംബന്ധിച്ച് പഞ്ചായത്തുകളോട് അഭിപ്രായം ചോദിച്ചിരിക്കുയാണ്. എന്നാല്‍ പഞ്ചായത്തിന്റെ കയ്യില്‍ ഒരു രേഖയുമില്ല. ഈ സാചര്യത്തില്‍ വനാതിര്‍ത്തികളില്‍ ജീവിക്കുന്നവരെ രൂക്ഷമായി ബധിക്കുന്നതരത്തിലേക്കാണ് ഇ.എസ്.എ നടപ്പാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ സമരം ആരംഭിക്കും. 

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമം ഉള്‍പ്പെടെ ഭരണഘടനാവിരുദ്ധമായ നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പിണറായി വിജയന്‍ എഴുതേണ്ട. മാസ്‌ക്കറ്റ് ഹോട്ടലില്‍ സി.പി.എം- ആര്‍.എസ്.എസ് നേതാക്കള്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത് സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും ശ്രീ എം കേരളത്തില്‍ എത്തി. നിയസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി തലതാഴ്ത്തി ഇരിക്കുകയായിരുന്നു. സി.പി.എം- ബി.ജെ.പി ബന്ധത്തിന്റെ ഇടനിലക്കാരനാണ് ശ്രീ എം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ ചര്‍ച്ച ചെയ്യും.