അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;

ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമി റോഡിലെത്തി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. റോഡിലെത്തി ഫോണ്‍ വിളിക്കുന്നതും, ഏതാനും സമയത്തിന് ശേഷം ഒരു ബൈക്ക് അടുത്തെത്തി നിര്‍ത്തുന്നതും, തുടര്‍ന്ന് അക്രമിയെന്ന് സംശയിക്കുന്ന യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ചുവപ്പ് ഷര്‍ട്ടും പാന്റ്‌സും ധരിച്ച യുവാവാണ് ദൃശ്യങ്ങളിലുള്ളത്. കറുത്ത നിറത്തിലുള്ള ഷൂവും ധരിച്ചിട്ടുണ്ട്. രാത്രി ദൃശ്യങ്ങളായതിനാല്‍, അക്രമിയുടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാനായി ഹൈവേയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. അതിനിടെ അക്രമി 25 വയസ്സുള്ള യുവാവാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സൂചിപ്പിച്ചു. അക്രമിക്കും പരിക്കേറ്റതായാണ് പൊലീസ് കമ്മീഷണറെയും എസ്പിയേയും വിളിച്ചപ്പോള്‍ അറിയിച്ചത്. അക്രമിയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി സൂചിപ്പിച്ചു.
അതേസമയം അക്രമിയെന്ന് സംശയിക്കുന്ന യുവാവ് പോയ ബൈക്കിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബൈക്കിന്റെ ആര്‍സി ഉടമയെ പൊലീസ് കണ്ടെത്തിയെന്നാണ് സൂചന. ബൈക്ക് കൊയിലാണ്ടി ഭാഗത്തേക്കാണ് പോയതെന്നും പൊലീസ് വിലയിരുത്തുന്നു. ബൈക്കില്‍ നിന്നും ലഭിക്കുന്ന കുറിപ്പടികളില്‍ നിന്നും കാര്‍പ്പെന്റര്‍ എന്ന എഴുത്തും കിട്ടിയിട്ടുണ്ട്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്നും ലഭിച്ച നോട്ടില്‍ എസ് എന്ന് നിരവധി തവണ എഴുതിയിട്ടുണ്ട്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും അടക്കം ഒട്ടേറെ സ്ഥലങ്ങളെപ്പറ്റിയും കുറിപ്പിലുണ്ട്. ഡല്‍ഹി, നോയിഡ തുടങ്ങിയ സ്ഥലങ്ങളെപ്പറ്റിയും വിവരണങ്ങളുണ്ട്. ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം വിശദാംശങ്ങള്‍ തേടി. കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരാഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സ്ഥിതി നിരീക്ഷിച്ചു വരികയാണ്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുകയാണ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവത്തില്‍ അന്വേഷിക്കുന്നുണ്ട്.