കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ കേരളത്തെ ഞെരുക്കുന്നു; എംപിമാർ ഒറ്റക്കെട്ടായി ഇടപെടണം: മുഖ്യമന്ത്രി
കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നും അർഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ കാലയളവിൽ ലഭിച്ചിരുന്ന 55,000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇത്തവണ ഒഴിവാക്കിയത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ജിഡിപി കണക്കെടുപ്പ് മാനദണ്ഡങ്ങൾ കേരളത്തിന്റെ ജിഎസ്ഡിപിയിൽ 20 ശതമാനത്തോളം കുറവുണ്ടാക്കുമെന്നും ഇത് വായ്പാപരിധിയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം-ബാലരാമപുരം റെയിൽപാത, ദേശീയപാത 66, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ തുടങ്ങിയ പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കാൻ എംപിമാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊല്ലത്ത് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് മാരിടൈം സർവകലാശാല സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 12 അക്കാദമിക് കോഴ്സുകൾ കണ്ടെത്തിയതായും അടുത്ത അധ്യയനവർഷം പകുതിയെങ്കിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ കേരളത്തിന് അർഹമായ ജലവിഹിതം ലഭിക്കുന്നതിനും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിജ്ഞാപന പ്രശ്നം പരിഹരിക്കുന്നതിനും കേന്ദ്ര-തമിഴ്നാട് സർക്കാരുകളുടെ ഇടപെടൽ തേടും.
