ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു

പ്രസാഡിയോയുമായുള്ള ബന്ധം വെളിപ്പെടുത്തണം
 
V D
എല്ലാ ഉപകരാറുകളും പ്രസാഡിയോയ്ക്ക് നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

അഴിമതി ക്യാമറ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു മറുപടിയും പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആരോപണങ്ങളില്‍ ഒരു മന്ത്രിമാര്‍ക്കും ഉത്തരമില്ല. നേരത്തെ കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത രേഖകളാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. ഊരാളുങ്കല്‍, ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ടെന്‍ഡറില്‍ ഒന്നാം സ്ഥാനത്തെത്തിയ എസ്.ആര്‍.ഐ.ടി, രണ്ടാം സ്ഥാനത്തെത്തിയ അശേക ബില്‍ഡ്‌കോണ്‍ എന്നീ മൂന്ന് കമ്പനികള്‍ക്ക് ലഭിക്കുന്ന എല്ലാ വര്‍ക്കുകളുടെയും ഉപകരാറുകളും പര്‍ച്ചേസ് ഓര്‍ഡറുകളും നല്‍കുന്നത് പ്രസാഡിയോ എന്ന കമ്പനിക്കാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് കിട്ടുന്ന വര്‍ക്കുകളെല്ലാം അവസാനം ഈ ഒരു കമ്പനിയില്‍ എത്തിച്ചേരാനുള്ള കാരണമെന്ത്? എല്ലാ വഴികളും അവസാനിക്കുന്നത് ഒരുപെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. ആ പെട്ടിയിലേക്കാണ് എല്ലാ പണവും എത്തുന്നത്. ആ പെട്ടിയാണ് പ്രസാഡിയോ കമ്പനി. മുഖ്യമന്ത്രിക്ക് പ്രസാഡിയോ കമ്പനിയുമായി എന്താണ് അടുപ്പമെന്ന് ചോദിച്ചിട്ടും മറുപടി നല്‍കുന്നില്ല. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന എല്ലാ വര്‍ക്കുകളും പര്‍ച്ചേസ് ഓര്‍ഡറുകളും കമ്മീഷനും പ്രസാഡിയോയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരാണ് മറ്റ് കമ്പനികളെല്ലാം.

അത് സംബന്ധിച്ച രേഖകളാണ് പുറത്ത് വിടുന്നത്. ഇത്രയും ഉപകരാറുകളും പര്‍ച്ചേസ് ഓര്‍ഡറുകളും നല്‍കാന്‍ പ്രസാഡിയോയ്ക്ക് ഭരണവുമായുള്ള ബന്ധം എന്താണ്? മുഖ്യമന്ത്രിയുമായി അടുപ്പമുള്ളത് കൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്. മുഖ്യമന്ത്രി പരിഭ്രാന്തനായത് കൊണ്ടാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാത്തത്. പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചേദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കിയിട്ടില്ല. ഭയന്നിട്ടാണോ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തിലേക്ക് ഒളിച്ചോടുന്നത്? 


ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന കൊള്ളയാണിത്. പണം കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയാണ്. പണത്തിന് വേണ്ടി മുഖ്യമന്ത്രിയും ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്ത് നടത്തുകയും പാവങ്ങള്‍ക്ക് വീട് വയ്ക്കുന്ന ലൈഫ് മിഷനില്‍ നിന്നും പണം അടിച്ചുമാറ്റുകയും ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കൊള്ളയുടെ വിവരങ്ങളാണ് ഓരോന്നായി പുറത്ത് വരുന്നത്. ഇഷ്ടക്കാരുടെ പേരില്‍ കമ്പനി രൂപീകരിച്ച് അവരുടെ പെട്ടിയില്‍ പണം എത്തിച്ച് സ്വന്തം പെട്ടിയിലേക്ക് മാറ്റുന്ന പരിപാടിയാണ് ചെയ്തത് എന്നതിനുള്ള വ്യക്തമായി തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ആറ് മണി പത്രസമ്മേളനം എവിടെപ്പോയി? ഇപ്പോള്‍ ആകാശവാണി പോലെ പൊതുസമ്മേളനങ്ങളില്‍ മാത്രമെ സംസാരിക്കൂ. അങ്ങോട്ട് ഒരു ചോദ്യവും ചോദിക്കാന്‍ പാടില്ല. സംസ്ഥാനത്തിന്റെ പൊതുപണം കൊള്ളയടിച്ചെന്ന ഗുരുതരമായ ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. 

പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ആദ്യം മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ആരോപണങ്ങള്‍ നിഷേധിക്കാന്‍ പോലും മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ വാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. അതിന്റെ വിഭ്രാന്തിയിലാണ് ആരാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി ചോദിച്ചത്. അങ്ങനെ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് മാറ്റിക്കൊടുക്കാം. നിയമസഭയില്‍ പലപ്രാവശ്യം സംശയം മാറ്റിക്കൊടുത്തിട്ടുള്ളതാണ്. 


ഞങ്ങളുടെ പാര്‍ട്ടിയില്‍ എല്ലാവരുമായും ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ലോട്ടറി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ എല്ലാ അഴിമതി ആരോപണങ്ങളും ഞാനാണ് ഉന്നയിച്ചിരുന്നത്. രമേശ് ചെന്നിത്തലയും ഞാനും പരസ്പരം ആലോചിച്ചാണ് ക്യാമറ അഴിമതി സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ഞങ്ങള്‍ രണ്ടു പേരും പുറത്ത് വിട്ട രേഖകളൊക്കെ ചോദ്യചിഹ്നമായി സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഭീതികൊണ്ടും ഭയം കൊണ്ടുമാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്. അഴിമതി ക്യാമറ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഇത്രയും ഭീരുവായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. മടിയില്‍ കനമില്ലെന്ന് കേരളം മുഴുവന്‍ ബോര്‍ഡ് വച്ചിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളത് കൊണ്ടാണ് ഞങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. 

യോഗ്യതയില്ലാത്ത മൂന്ന് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. കാര്‍ട്ടല്‍ രൂപീകരിച്ച് ടെന്‍ഡര്‍ കിട്ടിയതിന് പിന്നാലെയാണ് മറ്റ് രണ്ട് കമ്പനികളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ചു. എസ്.ആര്‍.ഐ.ടി ആദ്യഘട്ടത്തില്‍ അല്‍ഹിന്ദ്, പ്രസാഡിയോ എന്നീ കമ്പനികളുമായി ചേര്‍ന്നാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. കണ്‍സോര്‍ഷ്യം രൂപീകരിക്കുന്ന യോഗത്തില്‍ വിദേശത്ത് ബിസിനസ് നടത്തുന്ന ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നത്. അതുകൊണ്ടാണ് ഒരു ചോദ്യത്തിനും മറുപടി നല്‍കാത്തത്. ഇതേക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. 


അഴിമതി നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തിയത്. ക്യാമറ ഇടപാടില്‍ നടന്നതിനേക്കാള്‍ വലിയ അഴിമതിയാണ് കെ ഫോണില്‍ നടന്നിരിക്കുന്നത്. അതിന്റെ വിവരങ്ങളും വൈകാതെ പുറത്ത് വിടും. ഇതേ കമ്പനികള്‍ തന്നെയാണ് ആ പദ്ധതിയിലും ഉള്‍പ്പെട്ടിരിക്കുന്നത്. കൊണ്ടു പോയ പണമൊക്കെ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലമുണ്ട്. ഗവേഷണം നടത്തിയാണ് അഴിമതി ചെയ്യുന്നത്. എല്ലാം പുറത്ത് വരും. 


ആരോപണങ്ങള്‍ ഊരാളുങ്കലിനെ തകര്‍ക്കാനുള്ളതല്ല. പക്ഷെ കള്ളത്തരങ്ങള്‍ പുറത്ത് വന്നാല്‍ ഊരാളുങ്കല്‍ തകരും. ഊരാളുങ്കലിനെ പ്രതിപക്ഷം കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞതെന്നാണ് തോന്നുന്നത്. ഇതിന് മുന്‍പും അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മാസം 9, 10 തീയതികളില്‍ കോണ്‍ഗ്രസ് നേതൃസംഗമം വയനാട്ടില്‍ നടക്കും. അഴിമതിക്കെതിരെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയും.