പുതുപ്പള്ളിയുടെ എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 
OC

തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്.

oc

ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കാറിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്.ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ഉമ്മൻചാണ്ടിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് മറിയാമ്മ ഉമ്മൻ ചാണ്ടി ഉമ്മന് പേന കൈമാറിയിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാണ്ടി ഉമ്മൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഹസ്തദാനം നൽകി. പിന്നീട് പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും കണ്ട ശേഷം നിയമസഭയിലെ തന്റെ കസേരയിലേക്ക് നടന്നുനീങ്ങി. സത്യപ്രതിജ്ഞ കാണുന്നതിനായി അമ്മയും ബന്ധുക്കളും സഭയിലെത്തിയിരുന്നു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം വലുതാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ മരിക്കുന്നില്ലെന്ന് സത്യപ്രതിജ്ഞക്ക് മുന്നോടിയായി ചാണ്ടി ഉമ്മൻ പറഞ്ഞു. ഇന്നത്തെ ദിവസം അദ്ദേഹം കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കൂടെയില്ലെന്നത് വേദനയുള്ള കാര്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.