ചേരാനല്ലൂര്‍ വാഹനാപകടം:ജയബാലകൃഷ്ണന്റെ കുടുംബം നിര്‍ദേശിക്കുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടറായി നല്‍കും-ആഭ്യന്തരമന്ത്രി

 
ramesh

ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം നിര്‍ദേശിക്കുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടറായി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ചാണ് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയത്. 


കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കുടുംബം ഒരുതരത്തിലും വിഷമിക്കേണ്ടതില്ല. ഗവണ്‍മെന്റ് പൂര്‍ണമായും കുടുംബത്തോടൊപ്പമുണ്ട്. അപകടമുണ്ടാക്കിയ പതിനേഴുകാരന് ജാമ്യം നല്‍കിയതിനെതിരെ പൊലീസ് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. അതിലെ വാദം പൂര്‍ത്തിയായി. ജഡ്ജിക്കും സാധാരണക്കാരനും നീതി ഒരുപോലെയാണ്. 


ജയബാലകൃഷ്ണനും കുടുംബത്തിനും നൂറുശതമാനം നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും ഇപ്പോൾ താനും കുടുംബത്തെ സന്ദര്‍ശിച്ചത് ഗവണ്‍മെന്റ് കുടുംബത്തോടൊപ്പമാണെന്ന് ഉറപ്പുനല്‍കുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. 


പബ്ലിക് പ്രോസിക്യൂട്ടര്‍ മൈനറായ കുട്ടിയുടെ പേര് പറഞ്ഞത് ഗുരുതര വീഴ്ചയായി കാണാനാവില്ല. വാഹനാപകടങ്ങളില്‍ നിയമങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതികള്‍ ഗൗരവകരമായി പരിശോധിക്കും. മദ്യപിച്ചും ലഹരി ഉപയോഗിച്ചുമുള്ള വാഹന ഉപയോഗം തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പൊലീസ് പരിശോധനയുമായി മുന്നോട്ടുപോകും. പരിശോധനയില്‍ ആരും പരാതി പറയരുത്. പുലര്‍ച്ചെ വരെയുള്ള ഡി.ജെ. പാര്‍ട്ടികള്‍ നിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കാത്തിരുന്നു കാണാമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.