മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തില്‍ നിന്ന്

 
C M

നവകേരള സദസ്സ് കോഴിക്കോട് ജില്ലയില്‍ ഇന്ന്  രണ്ടാം ദിവസമാണ്. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂര്‍ മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം കോഴിക്കോട് നഗരത്തിലെ രണ്ട് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെയാണ് ഇന്ന് സമാപിക്കുക. സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് ഈ ബഹുജന പരിപാടിയില്‍ അണിചേരുന്ന ജനസഞ്ചയത്തെക്കുറിച്ച് ആര്‍ക്കും മറച്ചുവെക്കാനാവില്ല. എല്ലാ കേന്ദ്രങ്ങളിലും റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ജനക്കൂട്ടമാണ് എത്തുന്നത്. ജന ജീവിതത്തിന്‍റെ  ദൈനംദിന പ്രശ്നങ്ങള്‍ മുതല്‍ പ്രാദേശിക വിഷയങ്ങളും നവകേരള സൃഷ്ടിക്കായുള്ള മൂര്‍ത്തമായ അഭിപ്രായപ്രകടനങ്ങളും പരിശോധിച്ചു കൊണ്ടാണ് ഈ യാത്ര മുന്നോട്ട് പോകുന്നത്. 

പ്രവാസികളുടെ നാടാണ് കേരളം. അവര്‍ക്ക് നാടുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക പ്രധാനമാണ്. പ്രവാസി മലയാളികള്‍ ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് യാത്രയുടേതാണ്. അടിക്കടി വര്‍ദ്ധിപ്പിക്കുന്ന വിമാനക്കൂലിയും ഇതര യാത്രാ സൗകര്യങ്ങളുടെ അഭാവവും വിവിധ തലങ്ങളില്‍ നാം ചര്‍ച്ച ചെയ്യാറുണ്ട്. അങ്ങനെ ചര്‍ച്ചയില്‍ വരുന്ന പ്രധാനപ്പെട്ട ഒരു വിഷയം കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനമാണ്.

മലബാറിനാദ്യമായി ചിറകുകള്‍ സമ്മാനിച്ച കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനം  മുരടിച്ചു നില്‍ക്കുകയാണ്. വിമാനത്താവള വികസനം സാധ്യമാക്കുന്നതിനായി  മലപ്പുറം ജില്ലയിലെ നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലെ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ തയ്യാറാക്കുന്നതിനു വേണ്ടിയാണ് ഇത്. ഭൂമി നഷ്ടപ്പെട്ട  64 കുടുംബങ്ങള്‍ക്ക് വേണ്ടി 10 ലക്ഷം രൂപ വീതം ഉള്ള പുനരധിവാസ പാക്കേജ് നടപ്പാക്കി. ഏകദേശം 95 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുത്തത്.  നടപടികള്‍ പൂര്‍ത്തീകരിച്ച്   ഒക്ടോബര്‍ മാസത്തില്‍ത്തന്നെ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്.  ടെണ്ടര്‍ ദീര്‍ഘിപ്പിക്കുന്നതിലൂടെ കാലതാമസം വരികയാണിപ്പോള്‍.  എത്രയും പെട്ടെന്ന് ടെന്‍ഡര്‍നടപടികള്‍  പൂര്‍ത്തിയാക്കി റണ്‍വേ വികസനം യാഥാര്‍ത്ഥ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം.പി മാരുടെ യോഗത്തിലും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന  അഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട്. 
 
ഈ വര്‍ഷം കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ പുറപ്പെട്ടത് കരിപ്പൂരില്‍ നിന്നാണ്. 4370 സ്ത്രീകള്‍ ഉള്‍പ്പെടെ 7045 പേരാണ് കരിപ്പൂരില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോയത്. 2019 ല്‍  കരിപ്പൂരില്‍ വനിതാ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മാണം ആരംഭിച്ച ബ്ലോക്ക് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് യാത്രക്കു മുന്നേ പൂര്‍ണ്ണസജ്ജമാക്കിയിട്ടുമുണ്ട്. 

ഇതോടൊപ്പം കണ്ണൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാനകരമായ രീതിയില്‍ നിർര്‍മ്മണം പൂര്‍ത്തീകരിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ പോയിന്‍റ് ഓഫ് കോള്‍چ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ക്യാച്മെന്‍റ് ഏരിയയില്‍ പെടുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് പൂര്‍ണ്ണമായ പ്രയോജനം ഉണ്ടാകണമെങ്കില്‍ വിദേശ വിമാന കമ്പനികളുടെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ അത്യന്താപേക്ഷിതമാണ്.

ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന രണ്ടു വിമാന കമ്പനികളാണ് ഉള്ളത്. എയര്‍ ഇന്‍ഡ്യ എക്സ് പ്രസ്, ഇന്‍ഡിഗോ എന്നിവയാണവ. എയര്‍ ഇന്‍ഡ്യ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികള്‍ സര്‍വ്വീസ് നിര്‍ത്തി. ഇതു കാരണം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ടിക്കറ്റ് നിരക്കിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 

പാര്‍ലമെന്‍ററി  കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച്  സൗകര്യങ്ങള്‍ പരിശോധിച്ച് പോയിന്‍റ് ഓഫ് കോള്‍ പദവി നൽകേണ്ടതാണെന്ന്  വിലയിരുത്തിയിട്ടുണ്ട്. ഈ പ്രശ്നത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരോടഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

2018 ഡിസംബര്‍ 9നു പ്രവര്‍ത്തനം ആരംഭിച്ചതാണ് കണ്ണൂര്‍ വിമാനത്താവളം. ഇത്ര കാലമായിട്ടും വിദേശവിമാന സര്‍വീസ് അനുവദിക്കാതെ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം സ്വകാര്യ കുത്തകകളെ ഏല്‍പിക്കുന്ന തിരക്കിലാണ്. ദേശീയ തലത്തില്‍ എയര്‍പോര്‍ട്ടുകള്‍ ലേലത്തില്‍ വച്ചപ്പോള്‍  തിരുവനന്തപുരം എയര്‍ പോര്‍ട്ടിന്റെ കാര്യത്തിൽ  ലേലത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന്  അറിയിച്ചു. എന്നാല്‍ ഇതവഗണിച്ച് വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. 
അതാണ് നല്ലതെന്നു കരുതുന്നവര്‍ കോവിഡാനന്തര  കാലഘട്ടത്തില്‍ ലാഭത്തിലായ ഇന്ത്യയിലെ  ഏക വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനു ഉടമസ്ഥാവകാശമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണെന്നോര്‍ക്കണം. 

സ്വകാര്യവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാന വക്താക്കളായ  അമേരിക്കന്‍ ഐക്യനാടുകളില്‍ വളരെ ചുരുക്കം വിമാനത്താവളങ്ങള്‍ ഒഴികെയെല്ലാം പൊതുഉടമസ്ഥതയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. 

എന്നിട്ടും ഇവിടെ  വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനും അവര്‍ക്ക് ഇഷ്ടമുള്ള പോലെ നിരക്കുകള്‍ നിശ്ചയിക്കാനും ഉള്ള സൗകര്യമാണ്   കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. ഈ നയത്തിന്‍റെ ഭാഗമായാണ്  കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് തടയിടുന്നത്. 

കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ അവയുടെ പൂര്‍ണ്ണ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകത്തക്ക നിലയില്‍ വികസിപ്പിക്കണം എന്നതാണ്  ജനങ്ങളുടെ ആവശ്യം.

നിവേദനങ്ങൾ

കോഴിക്കോട് ജില്ലയില്‍ ഇന്നലെ  ആകെ ലഭിച്ചത് 14852 നിവേദനങ്ങളാണ്.  

പേരാമ്പ്ര - 4316 

നാദാപുരം - 3985 

കുറ്റ്യാടി - 3963 

വടകര - 2588

വയനാട് ജില്ലയില്‍ ആകെ 19,003 നിവേദനങ്ങളും പരാതികളുമാണ് ലഭിച്ചത്. 
 
കല്‍പ്പറ്റ - 7877

ബത്തേരി - 5201

മാനന്തവാടി - 5925

എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.