മുഖ്യമന്ത്രി പിണറായി വിജയൻ ആമുഖമായി പറഞ്ഞത്

 
C M

ഇന്നലെ കണ്ണൂരിലെ പരിപാടിയോടെ 20 മണ്ഡലങ്ങളും പര്യടനം നടത്തിക്കഴിഞ്ഞു. രാജ്യവ്യാപകമായി തന്നെ തിരഞ്ഞെടുപ്പിന്റെ പ്രധാന കാര്യങ്ങൾ ജനങ്ങൾ പൂർണമായി ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 

ഈ തെരഞ്ഞെടുപ്പിനെ പ്രധാന അവസരമായി ജനങ്ങൾ കാണുന്നു. രാജ്യത്തിൻ്റെ മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ദേശീയ ഉദ്ഗ്രഥനം, നമ്മുടെ ഭരണഘടന തന്നെയും സംരക്ഷിക്കണമെങ്കിൽ ഈ തെരഞ്ഞെടുപ്പ് ഒരു പ്രധാന അവസരമെന്നതാണ് ജനം തിരിച്ചറിഞ്ഞിട്ടുള്ളത്.  ഇതിനെല്ലാം ആപത്ത് ഉണ്ടാക്കുന്നത് ഇവിടെ കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻറ് ആണ്.  അപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് ഇനിയൊരു ഊഴം കൂടി ലഭിച്ചാൽ അത് രാഷ്ട്രത്തിന് തന്നെ വലിയ അപകടം ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഈ അവസരം ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ രാഷ്ട്രത്തിന് ഉണ്ടാകാൻ പോകുന്ന അപകടം വിവരണാതീതമായിരിക്കും. 
അതിന്റേതായ ഒരു അന്തരീക്ഷമാണ് രാജ്യത്ത് ഉള്ളത്. 

ബിജെപിയെ പരാജയപ്പെടുത്തത്തക്ക വിധമുള്ള പൊതു സാഹചര്യം ഉയർന്നു വന്നിരിക്കുകയാണ്.  അത് ബിജെപിക്കും മനസ്സിലായിരിക്കുകയാണ്.
കാരണം അവർ അവരുടെ ഏറ്റവും വലിയ കാർഡ്, വർഗീയ കാർഡ് ഇറക്കി  കളിക്കാൻ ഇപ്പോൾ തയ്യാറായിരിക്കുകയാണ്.
പ്രധാനമന്ത്രി തന്നെ കടുത്ത വിഷലിപ്തമായ വർഗീയ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണേണ്ടി വന്നത്.  
രാജ്യത്ത് ബിജെപി ഗവൺമെന്റിന് ഇനിയൊരു ഉഴമില്ല എന്ന് ജനങ്ങൾ ആകെ തീരുമാനിച്ച ഘട്ടമാണിത്.  

കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ ഒരു സാഹചര്യമാണ്. അത് നമ്മുടെ സംസ്ഥാനത്ത് 2019 ലെ തെരഞ്ഞെടുപ്പിൽ  ജയിച്ചു പോയവരെ അവരുടെ പ്രവർത്തനം വെച്ച് വിലയിരുത്താനുള്ള അവസരമാണിത്. അങ്ങനെ നോക്കിയാൽ യുഡിഎഫിന്റെ ഭാഗത്ത് 18 പേരും എൽഡിഎഫിന്റെ കൂടെ രണ്ടുപേരുമാണ് ഇപ്പോൾ നിൽക്കുന്നത്. ഈ 18 പേർ കേരളത്തിൻ്റേതായ പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന ബോധ്യമാണ് ജനങ്ങൾക്ക് ആകെയുള്ളത്.

ഇതിൽ രണ്ട് ഭാഗമുണ്ട്. ഒന്ന്  രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. രാജ്യത്തിൻ്റെ  മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ ഈ അഞ്ചു വർഷക്കാലയളവിൽ ഉണ്ടായി. 2019 ൽ രണ്ടാമൂഴം ബിജെപി ഗവൺമെൻറിന് ലഭിച്ചപ്പോൾ
ആർഎസ്എസിന്റെ തീവ്ര അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദിയുടെ ഗവൺമെൻറ് സ്വീകരിച്ചത്. 
ആ ഘട്ടത്തിൽ അവയെ  ശക്തമായി എതിർക്കുന്ന നിലപാട് മതനിരപേക്ഷ ശക്തികൾ എല്ലാം സ്വീകരിച്ചെങ്കിലും കോൺഗ്രസിനെ ആ കൂട്ടത്തിൽ സജീവമായി കണ്ടില്ല. പാർലമെന്റിന് പുറത്തും കോൺഗ്രസിന്റെ ശബ്ദം ഉയർന്നു കേട്ടില്ല. 
നമ്മുടെ ഈ 18 അംഗ സംഘം കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ്  കാണിച്ചത് എന്നാണ് കേരളത്തിൻ്റ പൊതുവായ ബോധ്യം.

മറ്റൊരു ഭാഗം കേരളത്തിന്റെ ശബ്ദം ഇത്തരം ഘട്ടങ്ങളിൽ വലിയ തോതിൽ പാർലമെൻ്റിൽ മുഴങ്ങാറുണ്ട്. പക്ഷേ ഈ കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിന്റെ ശബ്ദം വേണ്ട രീതിയിൽ ഉയർന്നില്ല. അതിനു കാരണം 20 ൽ 18 പേർ നിശബ്ദരായിപ്പോയി എന്നതാണ്. 

അതോടൊപ്പം തന്നെ ഈ കഴിഞ്ഞ അഞ്ചു വർഷക്കാലം നമ്മുടെ സംസ്ഥാനത്തിന് നേരെ കേന്ദ്ര ഗവൺമെൻറ് സ്വീകരിക്കുന്ന അവഗണനയും വിവേചനവും ശക്തിപ്പെട്ട കാലമാണ്.
അത്തരമൊരു അവഗണന തുടരുമ്പോൾ അതിനെതിരെ സാധാരണഗതിയിൽ ശബ്ദം ഉയരേണ്ടത് പാർലമെന്റിലാണ്. പക്ഷേ ഈ പതിനെട്ടംഗ സംഘം അത്തരത്തിൽ ഒരു എതിർപ്പും പാർലമെന്റിൽ രേഖപ്പെടുത്തിയില്ല. ബിജെപി ഗവൺമെന്റിനെ തുറന്ന് വിമർശിക്കാനോ തുറന്നുകാണിക്കാനോ തയ്യാറാകാത്ത സമീപനമാണ് എടുത്തത്.  മാത്രമല്ല ബിജെപി ഗവൺമെന്റിനെ  ന്യായീകരിക്കാനായിരുന്നു വ്യഗ്രത. കേരളത്തെ കുറ്റപ്പെടുത്താനും. 

എംപിമാരുടെ യോഗം പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് ചേരും. ആ യോഗത്തിൽ രണ്ടുതവണ സംസ്ഥാന സർക്കാർ എല്ലാ പാർലമെൻറ് അംഗങ്ങളും കൂടി ധനമന്ത്രിയെ കണ്ട് നിവേദനം കൊടുക്കേണ്ട കാര്യം പറഞ്ഞു.
കേരളത്തോട് കാണിക്കുന്ന അവഗണന കൃത്യമായി കണക്കുകൾ സഹിതം  എംപിമാരുടെ മുന്നിൽ അവതരിപ്പിച്ചു. അവർ സമ്മതിച്ചു. കാണാം, നിവേദനം കൊടുക്കാം എന്ന്. പക്ഷേ നിവേദനത്തിൽ ഒപ്പിടാൻ തയ്യാറായില്ല.
ഇത് ആദ്യതവണ.

രണ്ടാമത്തെ തവണ ഈ 18 അംഗ സംഘം പറഞ്ഞു ഞങ്ങൾ ഒപ്പിടാം -പക്ഷേ ഒരു കാര്യം കൂടി ഇതിൽ എഴുതണം - സംസ്ഥാന സർക്കാരിൻ്റെ  കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം ഇടയാക്കിയത് എന്ന് എഴുതണം. രാജ്യത്തെ കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന അവഗണനക്കും വിവേചനത്തിനും എതിരായ നിവേദനം - അതിൽ എഴുതണം എന്ന് പറഞ്ഞത് കേന്ദ്രസർക്കാരിനോട് നമ്മൾ പറയുകയാണ്, ഇതൊന്നും നിങ്ങളുടെ കുഴപ്പം കൊണ്ടല്ല ഞങ്ങളുടെ സംസ്ഥാനത്ത് ഒരു സർക്കാരുണ്ട്, ആ സർക്കാരിൻ്റെ  കെടുകാര്യസ്ഥത കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് - ഇത്ര  പച്ചയായി കേന്ദ്ര ഗവൺമെന്റിനെ ന്യായീകരിക്കാനും കേന്ദ്ര ഗവൺമെന്റിനോടൊപ്പം ചാരി നിൽക്കാനും ഇവിടെ നമ്മുടെ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുപോയ 18 അംഗ സംഘം തയ്യാറായി എന്ന ദുരനുഭവമാണ് നമുക്കുള്ളത്.

കേരളത്തോട് ഒരു കേരള വിരുദ്ധ സമീപനം ബിജെപിക്കുണ്ട്.  അതിനു കാരണം അവരെ കേരളം സ്വീകരിക്കുന്നില്ല എന്നതാണ്. ഇന്നലെ സ്വീകരിച്ചില്ല, ഇന്നും സ്വീകരിക്കുന്നില്ല, നാളെയും സ്വീകരിക്കില്ല. അതിൽ അവർ പരിഭവിച്ചിട്ട് കാര്യമില്ല - കേരളം ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന നാടാണ് - ആ നാടിന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല. അതുകൊണ്ട് കേരള വിരുദ്ധ സമീപനം ബിജെപി തുടർച്ചയായി സ്വീകരിക്കുന്നു.  ഈ പതിനെട്ടംഗ സംഘം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു പോയവരാണല്ലോ - അവരെന്തിനാണ് കേരള വിരുദ്ധ സമീപനത്തിലേക്ക് പോകുന്നത് - പക്ഷേ നമ്മുടെ അനുഭവം അവരും കേരളവിരുദ്ധ സമീപനം സ്വീകരിച്ചു എന്നതാണ്. അപ്പോൾ ജനങ്ങൾ ഇതാണ് വിലയിരുത്തുന്നത്. ഈ കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ കേരള വിരുദ്ധ സമീപനം സ്വീകരിച്ച ഇവരോട് കടുത്ത അമർഷമാണ് പൊതുവേ ജനങ്ങൾക്കുള്ളത്.  കേരളത്തിൽ നിന്ന് പോകുന്നത് കേരളത്തിൻ്റെ താല്പര്യം ഉയർത്തുന്നവരാകണം. രാജ്യത്തിൻ്റെ  മതനിരപേക്ഷതയ്ക്കും നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും ഹാനി  വരുത്താനുള്ള ശ്രമങ്ങൾ എന്തെങ്കിലും ഉണ്ടാകുമ്പോൾ അതിനെ ശക്തമായി എതിർക്കുന്നവരാകണം. മതനിരപേക്ഷത സംരക്ഷിക്കുന്നവരാകണം. ഇതാണ് ജനങ്ങളുടെ പൊതുവായ ബോധ്യം. അതിൻ്റെ ഭാഗമായി  20 മണ്ഡലങ്ങളിലും കാണാൻ കഴിഞ്ഞത് അഭൂതപൂർവ്വമായ കാഴ്ചയാണ്. ഈ വികാരത്തിൽ നിൽക്കുന്ന ജനങ്ങൾ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിന് അനുകൂലമായ ഒരു തരംഗം എന്ന രീതിയിൽ ഉയർന്നുവരുന്നതിന് ഇടയാക്കിയിരിക്കുകയാണ്.  പൊതുവേ എൽഡിഎഫിന് മികവാർന്ന വിജയം ഈ തെരഞ്ഞെടുപ്പിൽ നേടാനാവും എന്നതാണ് പൊതുവേയുള്ള നില.