മുഖ്യമന്ത്രി പിണറായി വിജയന്റെ കോട്ടയം കുറവിലങ്ങാട്ടെ വാർത്താസമ്മേളനത്തിൽ നിന്ന്

 
C M

സംസ്ഥാനത്തിന്റെ  സാമ്പത്തികനില സംബന്ധിച്ച ചില വസ്തുതകളും ആ പശ്ചാത്തലത്തിൽ സർക്കാർ നടത്താൻ പോകുന്ന ചില കാര്യങ്ങളും വിശദീകരിക്കാനാണ് ഇന്ന് ഈ അവസരം വിനിയോഗിക്കുന്നത്. 

പുതിയ ജി എസ് ടി സംവിധാനം അനുസരിച്ച് ജി എസ് ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ  ഫലമായി 2020 - 21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി.  എന്നാൽ ജി എസ് ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ്  തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി  ഞെരുക്കുക തന്നെ ചെയ്തു.  നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും  ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം  ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.

വികസന,ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി എടുക്കുന്ന വായ്പയെ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ  എത്തിച്ചിരിക്കുന്നു. ഇതിങ്ങനെ തുടർന്നും മുന്നോട്ടുപോകുന്നത് അപകടകരമാണ്.   വിവേചനപരമായ  നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി.  എന്നാൽ സംസ്ഥാനത്തിന്റെ  അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തത്. 

ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.  ഈ നിയമ പോരാട്ടം രാജ്യത്തിന്റെ  ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണ്.  ഭരണഘടനയുടെ 131ാം ആർട്ടിക്കിൾ അനുസരിച്ച് കേന്ദ്രസംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള  അധികാരങ്ങൾ ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്നാണ് കേരളം ഹർജിയിൽ അഭ്യർത്ഥിക്കുന്നത്.  

സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ കേന്ദ്രം നടത്തുന്ന  ഭരണഘടനാവിരുദ്ധമായ  ഇടപെടൽ തടയുക, 
സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അർഹമായ കടമെടുപ്പ് പരിധി  ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, 
സംസ്ഥാനത്തിൻറെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദു ചെയ്യുക, 
സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന  കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയ ഉത്തരവ് റദ്ദു ചെയ്യുക, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ  കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദു ചെയ്യുക, ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരിൽ ഇല്ലാത്ത  അധികാരങ്ങൾ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അധികാരാവകാശങ്ങളിൽ നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നടപടികൾ വിലക്കുക, 
നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി വികസനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുക
ഇങ്ങനെ സംസ്ഥാന സർക്കാരുകൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനാണ് ഈ ഹർജി.

ഇന്ത്യൻ ഭരണഘടന  സംസ്ഥാനങ്ങൾക്ക് സവിശേഷമായ അവകാശങ്ങൾ നൽകുന്നുണ്ട്. 
ബജറ്റ് നിശ്ചയിക്കുന്നതിനും ബജറ്റ് നടപ്പിലാക്കുന്നതിനും  
കൺസോളിഡേറ്റഡ് ഫണ്ടിൽ (സഞ്ചിത നിധി) നിന്നുള്ള വരവ് ചിലവുകൾ കണക്കിലെടുത്തു കടമെടുപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ധനകമ്മി നികത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നതിന്  
കടമെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിന്  
പൊതുകടം സംബന്ധിച്ചുള്ള നിയമപരവും ഭരണപരവും ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് 
സംസ്ഥാനത്തിന്റെ  ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് ആവശ്യാനുസരണം സാമ്പത്തികസഹായം നൽകുന്നതിന് -ഇതിനെല്ലാം  ഉള്ള അവകാശങ്ങൾ സംസ്ഥാനത്തിനുണ്ട്. ഇവ സംസ്ഥാന പരിധിയിൽപ്പെട്ട വിഷയങ്ങളാണ്. 

ഭരണഘടന സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയംഭരണാവകാശം നൽകുന്നുണ്ട്.  അനുഛേദങ്ങൾ 162, 199, 202, 204, 266, 298, 7ാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ എൻട്രി 43, എന്നിവ വായിച്ചാൽ ഇത്  വ്യക്തമാണ്. ഈ  അനുഛേദങ്ങളോടൊപ്പം അനുഛേദം 293(1)  ചേർത്ത് വായിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക്  കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിന് തനതായ അധികാരങ്ങളുണ്ടെന്നു വ്യക്തമാകും.  സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനും എല്ലാ തലത്തിലും സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തുന്ന നടപടികൾ കൈക്കൊള്ളുന്നതിനും കേരള നിയമസഭ പാസ്സാക്കിയ നിയമമാണ് കേരള ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ട്, 2003. 

ഈ നിയമപ്രകാരം ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ടിന്റെ (ജി എസ് ഡി പിയുടെ) 3.5 ശതമാനമാണ്  സംസ്ഥാനത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധി.  ഈ  കടമെടുപ്പ് പരിധി മുൻനിർത്തിയാണ് സംസ്ഥാനം പദ്ധതി, പദ്ധതിയേതര വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ട പണം വകയിരുത്തുന്നത്.  ധനകാര്യ കമ്മീഷനുകളുടെ നിർദ്ദേശം കൂടി പരിഗണിച്ച്, ധനകമ്മി നികത്തുന്നതിനായി സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ല. 

സംസ്ഥാനത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധിയിൽ  പബ്ലിക് അക്കൗണ്ടിൽ നിന്നുള്ള തുകകളെ കൂടി ഉൾപ്പെടുത്തി വെട്ടിച്ചുരുക്കലുകൾ 2017 മുതൽ കേന്ദ്രം നടപ്പിലാക്കി. പിന്നാലെ കിഫ്ബി, കെ എസ് എസ് പി എൽ തുടങ്ങിയ സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ എടുത്ത വായ്പകളെ കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. അങ്ങനെ ശക്തമായ വെട്ടിച്ചുരുക്കലുകൾ 2022 മുതൽ നടപ്പിലാക്കി. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം  കേന്ദ്ര സർക്കാരിന് ഇല്ല.  ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരിൽ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ചാണ്  ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്.  

സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ ഭരണഘടനയുടെ അനുഛേദം 293 ലെ 'സ്റ്റേറ്റ്'എന്ന നിർവ്വചനത്തിൽ പെടില്ല എന്ന അടിസ്ഥാന തത്വം പോലും പരിഗണിച്ചില്ല. ഇത്തരം നടപടികൾ വഴി സംസ്ഥാന സർക്കാരിന് 
ബജറ്റ് നിശ്ചയിക്കാനും  
പൊതുകടം കൈകാര്യം ചെയ്യുന്നതിനും 
പബ്ലിക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനും 
സഞ്ചിത നിധിയുടെ സെക്യൂരിറ്റിയിൽ കടമെടുക്കാനും 
കടമെടുക്കുന്നതു സംബന്ധിച്ചു നിയമനിർമ്മാണം നടത്താനും 
സർക്കാർ ഉടമസ്ഥതയിൽ  സംരംഭങ്ങൾ രൂപീകരിക്കാനും നടത്താനും ഉള്ള പൂർണ്ണാധികാരങ്ങൾക്കുമേലുള്ള  കടന്നുകയറ്റമാണ്. ഭരണഘടനയുടെ അനുഛേദം 281 പ്രകാരം പാർലമെൻറിൽ നടത്തേണ്ട വെളിപ്പെടുത്തലിൽ നിന്നു  ഈ  നടപടികൾ കേന്ദ്രം മറച്ചുവെക്കുക പോലുമാണുണ്ടായത്. 2003 ലെ കേരള ഫിസ്കൽ റെസ്പോൺസിബിലിറ്റി ആക്ട് അനുസരിച്ചുള്ള മൊത്തം കടമെടുക്കൽ പരിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വാർഷിക ബജറ്റ് തയ്യാറാക്കുന്നത്. ഇത് പുനസ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിൽ വലിയ ഭവിഷ്യത്തുകളാണുണ്ടാവുക. 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ ഈ കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലം. അടിച്ചേൽപ്പിക്കപ്പെടുന്ന  നിയന്ത്രണങ്ങൾ സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വിനാശകരമാവും.  പ്രത്യാഘാതങ്ങൾ സമീപഭാവിയിലൊന്നും  പരിഹരിക്കാൻ കഴിയുന്നതുമല്ല. 
ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ  ആസൂത്രിത  നീക്കങ്ങളിലൂടെ പടിപടിയായി തകർക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് വിപത്കരമായ കളിയാണ്.  കിഫ്ബിയും കെ എസ് എസ് പി എല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിത്. 

ധനകമ്മി കൈകാര്യം ചെയ്യുന്നതിലാകട്ടെ അതിലും വിചിത്രമായ വിവേചനവും ഇരട്ടത്താപ്പുമാണ് കേന്ദ്ര ഗവ. സ്വീകരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കടമെടുക്കൽ പരിധി അടിച്ചേൽപ്പിക്കുന്ന കേന്ദ്രം സ്വന്തം കാര്യത്തിൽ അത് ചെയ്യുന്നില്ല. ധനകമ്മി നേരിടുന്നതിൽ പബ്ലിക് അക്കൗണ്ടിനെ അനിയന്ത്രിതമായി ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. എന്നാൽ, ന്യായമായ നിലയ്ക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും  സംസ്ഥാനങ്ങൾക്കു നൽകുന്നില്ല. കേന്ദ്ര ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് കേന്ദ്ര ബജറ്റിൽ നിന്ന് അനുഭാവപൂർണ്ണമായ നീക്കിവെക്കൽ നടത്തുമ്പോൾ തന്നെ  സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് ഈ ആനുകൂല്യം നൽകുന്നതിനെതിരെ സമ്മർദ്ദ നടപടികൾ അടിച്ചേൽപ്പിക്കുന്നു. 
കേന്ദ്രം അടിച്ചേൽപ്പിച്ച വായ്പാ നിയന്ത്രണങ്ങൾ വഴി 2016-17 മുതൽ ഇതുവരെ സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പാ സമാഹരണത്തിൽ ആകെ ഉണ്ടായ നഷ്ടം 1,07,513.09 കോടി രൂപയാണ്. 2022 ന് ശേഷം കിഫ്ബിയുടെയും കെ എസ് എസ് പി എല്ലിന്റെയും കടമെടുപ്പ് സംസ്ഥാനത്തിന് അർഹമായ വായ്പകളിൽ നിന്ന് വെട്ടിക്കുറയ്ക്കപ്പെട്ടു. 2020-21 സാമ്പത്തിക വർഷത്തിൽ ഇതു വഴി അർഹമായ വായ്പാ സമാഹരണത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം 9614.30 കോടി രൂപയാണ്. 2021-22 ൽ ആകട്ടെ ഈ നഷ്ടം 6281.04 കോടിയും. സംസ്ഥാനം ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതു മൂലം മാത്രമാണ് ഉണ്ടായത്. എന്നാൽ സ്വന്തം ധനകാര്യ മാനേജ്മെന്റിൽ ഒരു അളവുകോലുകളും കേന്ദ്രം ഏർപ്പെടുത്തിയിട്ടുമില്ല

സംസ്ഥാനത്തിന്റെ  സാമ്പത്തിക സ്വയംഭരണാവകാശം തകർക്കാനുള്ള കേന്ദ്ര നടപടികളുടെ നേരിട്ടുള്ള പ്രത്യാഘാതമാണ് ഇവയെല്ലാം. 
കേന്ദ്രം വായ്പാ പരിധി കുറച്ചതിനെ തുടർന്ന് വർഷങ്ങളായി കൊടുത്തുതീർക്കാനുള്ള കുടിശ്ശിക തുക കൂടി കൂടി വരികയുമാണ്. കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന 82,000 കോടി രൂപയുടെ ആയിരത്തിലേറെ പദ്ധതികൾ  വിവിധ ഘട്ടങ്ങളിലാണ്. ഈ വികസന പദ്ധതികളെയെല്ലാം പെരുവഴിയിലാക്കാനാണ് കേന്ദ്ര  ഇടപെടലുകൾ ഇടയാക്കുക. 

കേന്ദ്ര നടപടികൾ മൂലമുണ്ടായ ഈ ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി 26,226 കോടി രൂപ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ട്. പ്രതിസന്ധി മറികടക്കാൻ അതൊന്നും മതിയാകില്ല. കേന്ദ്ര നടപടികൾ മൂലമുണ്ടായ നഷ്ടം അടുത്ത അഞ്ചു വർഷംകൊണ്ട്,  രണ്ടുമുതൽ  3 ലക്ഷം കോടി രൂപ വരെയാകും എന്നാണ് വിലയിരുത്തൽ.   സംസ്ഥാനത്തിന്റെ  അഞ്ചുവർഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ  ഗുരുതരമായി ബാധിക്കുന്നതാണിത്.  ഈ അപകടം തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകൾ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരും.

വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക്  ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. അതുകൊണ്ടൊന്നും മറച്ചുവെക്കാവുന്നതല്ല കേരളത്തിനു കേന്ദ്രം വരുത്തിവെച്ച സാമ്പത്തിക ദുരവസ്ഥ. 

സംസ്ഥാനത്തിന്റെ  സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച്  വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടത്. 

ഇക്കാര്യത്തിൽ അതിശക്തമായ നിയമപോരാട്ടത്തിന് തന്നെയാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമായിരിക്കും ഇത്.  ഇതിൽ  ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കേരള സമൂഹത്തോട് ആകെയും ഒരുമിച്ച് നിൽക്കാൻ അഭ്യർത്ഥിക്കുന്നു.