മുഖ്യമന്ത്രിയുടെ മുഖാമുഖം:

അക്കാദമിക്   കല, സാംസ്കാരിക, സിനിമാ പ്രവർത്തികൻ  പങ്കെടുക്കും
 
C M

ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്ന   അനുഭവമായിരുന്നു  നവംബര്‍ പതിനെട്ടിന് ആരംഭിച്ച് ഡിസംബര്‍ ഇരുപത്തിമൂന്നിന് സമാപിച്ച  നവകേരള സദസ്സ്. സംഘാടകരുടെ പ്രതീക്ഷകളെപോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ്  ഓരോ വേദിയിലും പങ്കാളികളായത്. ആകെ നൂറ്റി മുപ്പത്തിയെട്ട് വേദികളില്‍ ജനകീയ സമ്മേളനങ്ങള്‍ നടന്നു. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു.  ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനില്ല.

കേരളത്തിന്‍റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം  ഉണ്ട് എന്ന  പ്രഖ്യാപനമായി നവകേരള സദസ്സ്.  സംസ്ഥാനം  നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അവയെ   അതിജീവിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന ക്ഷേമ  പദ്ധതികളും  ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് ഉദ്ദേശിച്ച ഒരു കാര്യം. അതോടൊപ്പം   ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച്    നവകേരളം കെട്ടിപ്പടുക്കാനുള്ള പുതിയ മാര്‍ഗം തുറക്കുക  എന്നതാണ് ലക്ഷ്യം.  നിങ്ങള്‍ക്ക് അറിയാവുന്നതു പോലെ, താലൂക്ക് തല അദാലത്തുകളില്‍ ആരംഭിച്ച്, മേഖലാ തല യോഗങ്ങളും തീരദേശ, വന സൗഹൃദ സദസ്സുകളും അടക്കം വലിയൊരു പ്രക്രിയയുടെ തുടര്‍ച്ചയായാണ് മന്ത്രിസഭയുടെ സംസ്ഥാന പര്യടനം നടത്തിയത്. താലൂക്ക് അദാലത്തുകളില്‍ മന്ത്രിമാര്‍ പങ്കെടുത്തു. അതിന്‍റെ അവലോകനങ്ങള്‍ മേഖലാ തലത്തില്‍ നടത്തിയത് മന്ത്രിസഭയാകെ പങ്കെടുത്തു കൊണ്ടാണ്.  

നവകേരള സദസ്സില്‍ 6,42,076 നിവേദനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില പരാതികള്‍ ഒന്നിലധികം വകുപ്പുമായി ബന്ധപ്പെട്ടവയാണ്. ഇവ അതത് വകുപ്പുകള്‍ക്ക് നടപടിക്കായി പ്രത്യേകം പ്രത്യേകം നല്‍കുമ്പോള്‍ നടപടിയെടുക്കേണ്ട വിഷയങ്ങളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് വരും. നിവേദനങ്ങള്‍ വകുപ്പുതലത്തില്‍ തരംതിരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിവരികയാണ്. പൊതു സ്വഭാവമുള്ള പരാതികള്‍ തരംതിരിച്ച് അതില്‍ പൊതു തീരുമാനം കൈക്കൊള്ളുന്നതാണ്. നിലവിലുള്ള ചട്ടങ്ങളിലോ ഉത്തരവുകളിലോ മാറ്റങ്ങള്‍ അനിവാര്യമാണെങ്കില്‍ അക്കാര്യവും പരിഗണിക്കുന്നതാണ്. 
 
നവകേരള സദസ്സിലെ ഒരു പ്രധാന പരിപാടി പ്രഭാത യോഗങ്ങളായിരുന്നു.  സാമൂഹ്യരംഗത്തെ പ്രധാന വ്യക്തികള്‍, കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, നിയമജ്ഞര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍,  വ്യവസായ പ്രമുഖര്‍, വര്‍ഗ  ബഹുജന സംഘടനാ പ്രതിനിധികള്‍, അറിയപ്പെടുന്ന മഹിളാ പ്രതിനിധികള്‍, പട്ടികജാതി  പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍, വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിങ്ങനെ ഇരുന്നൂറോളം  പേരാണ് ഓരോ പ്രഭാതയോഗത്തിലും പങ്കെടുത്തത്. നേരിട്ട് സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് അഭിപ്രായങ്ങള്‍ എഴുതി നല്‍കാനുള്ള അവസരവും നല്‍കി. ഇവയാകെ പരിശോധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങള്‍ ഇതിനകം  നടത്തി. വ്യത്യസ്ത വകുപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ യോഗങ്ങളാണ് വിളിച്ചത്. വന്ന നിര്‍ദേശങ്ങള്‍ പ്രത്യേകമായി  പരിശോധിച്ചു. സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചു. 20 യോഗങ്ങളാണ്   വിളിച്ചു ചേര്‍ത്തത്. ചീഫ് സെക്രട്ടറിയും വകുപ്പു സെക്രട്ടറിമാരും, വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും  ഇവയില്‍ പങ്കെടുത്തു.

ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരാനാണ് ഉദ്ദേശിക്കുന്നത്. അതിന്‍റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ  ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തും.  വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍  / വയോജനങ്ങള്‍, തൊഴില്‍മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക. 2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. 
വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ എല്ലാ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഭാഗമാകും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം  കൈവരിച്ച കാലമാണിത്. എങ്കിലും നിരവധി മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടാകും. ജ്ഞാനമേഖലയില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്ക്  അനുസൃതമായി നടപ്പാക്കേണ്ട പരിഷ്കാരങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. 

അക്കാദമിക് രംഗത്തും പ്രൊഫഷണല്‍ രംഗത്തും കല, സാംസ്കാരിക, സിനിമാ രംഗത്തും പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ മുഖാമുഖത്തിനായി എത്തിച്ചേരും. യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയമാകും. യുവജനക്ഷേമേത്തിലും തൊഴില്‍ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താന്‍ വേണ്ട ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള അവസരം ഒരുങ്ങും. 

വനിതകളുമായുള്ള മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്‍റുമാര്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കര്‍ഷകര്‍, വനിതാ അഭിഭാഷകര്‍, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും. വനിതാക്ഷേമവും സുരക്ഷയും സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന പരിഗണനകളില്‍ ഒന്നാണ്. ആ മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. അവയെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താനുള്ള ആശയങ്ങള്‍ ഈ മുഖാമുഖ വേദിയില്‍ പങ്കുവയ്ക്കപ്പെടും.

ആദിവാസി ദളിത് വിഭാഗങ്ങള്‍, ഭിന്നശേഷി, വയോജന പ്രതിനിധികള്‍ എന്നിവരുമായുള്ള  മുഖാമുഖ പരിപാടിയിലും മികച്ച പങ്കാളിത്തം ഉറപ്പു വരുത്തും. അതാത് മേഖലകളിലുണ്ടാകേണ്ട മാറ്റങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഈ മുഖാമുഖങ്ങളില്‍ അവസരമൊരുങ്ങും.  സാംസ്കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംഗീത, നാടക, ലളിതകല, സാഹിത്യ, കലാമണ്ഡലം, സിനിമ, നാടന്‍കല എന്നീ മേഖലകളില്‍ നിന്നുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍  പങ്കെടുക്കും. കേരളത്തിന്‍റെ മതമൈത്രിയ്ക്കും സാഹോദര്യത്തിനും ശാസ്ത്രബോധത്തിനും മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ സാംസ്കാരിക മേഖലയെ പരിപോഷിക്കാനുള്ള സാധ്യതകളും കലാകാരന്മാരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള ആശയങ്ങളുമെല്ലാം  സംവാദത്തിന്‍റെ ഭാഗമാകും. 

കേന്ദ്ര നയങ്ങള്‍ കാരണം വലിയ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായുള്ള മുഖാമുഖം പുനരുജ്ജീവന മാര്‍ഗങ്ങള്‍ ആരായും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയും കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ക്ഷേമവും ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍ ആകും. തൊഴില്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായി ആധുനിക തൊഴില്‍ മേഖലയിലേയ്ക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ യുവത്വത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ കഴിയുന്ന ആശയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ജ്ഞാനസമ്പദ് വ്യവസ്ഥയായി കേരളത്തെ വളര്‍ത്തിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ പരിപാടി. ലോകത്തെ തന്നെ മികച്ച തൊഴില്‍ മേഖലകളിലേയ്ക്ക് കടന്നു ചെല്ലാനും അവയ്ക്ക് തത്തുല്യമായത് ഇവിടെ പടുത്തുയര്‍ത്താനുമാണ് നാം ശ്രമിക്കുന്നത്. അതിന് ഈ പരിപാടി ഊര്‍ജ്ജം പകരും. ഈ വിധം നാടിന്‍റെ വിവിധ മേഖലകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും പുതിയ വെളിച്ചം വീശുകയും ചെയ്യുന്ന പരിപാടിയായി ഈ മുഖാമുഖങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ.  നവകേരള സദസ്സിനു നല്‍കിയ പിന്തുണയും പങ്കാളിത്തവും ഈ പരിപാടിയിലും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. 

നിലവില്‍ നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍ ഇങ്ങനെയാണ്: 

ഫെബ്രുവരി 18  കോഴിക്കോട് ,  വിദ്യാര്‍ത്ഥിസംഗമം 

20. ചൊവ്വ - തിരുവനന്തപുരം,   യുവജനങ്ങള്‍

22  വ്യാഴം - എറണാകുളം, സ്ത്രീകള്‍ 

24 ശനി -   കണ്ണൂര്‍   ആദിവാസികളും ദളിത് വിഭാഗങ്ങളും 

25 ഞായര്‍ -  തൃശൂര്‍   സാംസ്കാരികം

26.  തിങ്കള്‍ - തിരുവനന്തപുരം  ഭിന്നശേഷിക്കാര്‍

27. ചൊവ്വ - തിരുവനന്തപുരം, പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍ 

29 വ്യാഴം - കൊല്ലം    തൊഴില്‍മേഖല 

മാര്‍ച്ച് 02 ശനി - ആലപ്പുഴ   കാര്‍ഷികമേഖല

03. ഞായര്‍ - എറണാകുളം  റസിഡന്‍സ് അസോസിയേഷനുകള്‍
വേദികള്‍ പിന്നീട് നിശ്ചയിച്ച്  അറിയിക്കും. 

നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് പ്രധാന വിലങ്ങുതടിയാകുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളാണ്.  തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും മികച്ച  നേട്ടങ്ങള്‍ കൈവരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണ്.  ഈ ദുര്‍നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ട  പ്രതിപക്ഷം  ജനവിരുദ്ധ പക്ഷത്തു നിന്ന് സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ചെയ്യുന്നു. 

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പ്രകാരം കേരളത്തിനു ആഭ്യന്തര വരുമാനത്തിന്‍റെ 3% നിബന്ധനകളില്ലാതെയും 0.5 ശതമാനം വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് വിധേയമായും വായ്പ എടുക്കാവുന്നതാണ്.  എന്നാല്‍ സ്വതന്ത്രസ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന്‍റെ വായ്പാ പരിധി 2021- 22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇത് മൂലം കേരളത്തിന് അകെ വായ്പാ പരിധിയില്‍ 6000 കോടിയോളം രൂപയുടെ കുറവ് 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായി.

ഭരണഘടനയുടെ അനുഛേദം 280 പ്രകാരം നിയമിക്കപ്പെടുന്ന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അട്ടിമറിക്കുന്നു. 15ആം ധനകാര്യ കമ്മീഷന്‍ കിഫ്ബി പോലുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്‍റെ കടമായി ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3), 293(4) എന്നിവയ്ക്കനുസൃതമായി 2017  ആഗസ്റ്റിന് മുന്‍പ് നിലനിന്നിരുന്നത് പോലെ പൊതു കണക്കിനത്തിലെ നീക്കിയിരിപ്പും പൊതുമേഖല സ്ഥാപനങ്ങളുടെ വായ്പകളും സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി നിര്‍ണ്ണയിക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം എക്സിക്യുട്ടീവ് ഉത്തരവിലൂടെ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുകടത്തിന്‍റെ ഭാഗമാണെന്ന തെറ്റായ നിലപാടാണ് സ്വീകരിച്ചത്. അതുവഴി സംസ്ഥാനത്തിന്‍റെ കടമെടുപ്പു പരിധി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. 
 
ദേശീയപാത 66 ന്‍റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ 25 ശതമാനം തുകയാണ് കേരളത്തോട് ആവശ്യപ്പെട്ടത്. ഇതിനായി കിഫ്ബിവഴി 5854 കോടി രൂപ സമാഹരിച്ചു നല്‍കി. ഈ തുകയും സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശത്തില്‍നിന്ന് കുറയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ പ്രധാന സ്രോതസ്സാണ് കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയുള്ള വിഭവ കൈമാറ്റവും. 

സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ട നികുതി വിഭവങ്ങളുടെ അനുപാതം പതിനാലാം ധനകാര്യ കമ്മീഷനില്‍ 42% ആയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ കാലയളവില്‍ 41% ആയി കുറഞ്ഞു. അതിനുപുറമേ സെസ്സും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ലാത്തതിനാല്‍ കേന്ദ്രവരുമാനത്തിന്‍റെ മൂന്നിലൊന്ന് സെസും സര്‍ചാര്‍ജുമായി മാറ്റി. 2014- 15 ല്‍ ഇത് വെറും 10 ശതമാനം മാത്രമായിരുന്നത് കഴിഞ്ഞ വര്‍ഷം 28.1 ശതമാനമായി.   സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കേണ്ട നികുതി 50% ആക്കി വര്‍ദ്ധിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.

ധനകാര്യ കമീഷന്‍റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. ബിജെപി സര്‍ക്കാര്‍ വന്ന ശേഷം 2011ലെ ജനസംഖ്യ നികുതി വിഭജനത്തിനുള്ള മാനദണ്ഡമായി നിശ്ചയിച്ചു.  ഇതിന് 15% വെയിറ്റെജ് നല്കി. ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളത്തിന് നികുതിവിഹിതം കുറയുന്നതിന് ഇത്  കാരണമായി.  1971ലെ സെന്‍സസ് അടിസ്ഥാനമാക്കി ജനസംഖ്യാപരമായ നേട്ടങ്ങള്‍ക്കുള്ള വെയിറ്റെജ് 30% ആക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടതാണ്. 

ജി എസ് ടി മൂലമുള്ള നികുതി അവകാശ നഷ്ടം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജിഎസ്ടിയില്‍ 14 ശതമാനം വാര്‍ഷിക നികുതി വളര്‍ച്ചാ നിരക്ക് ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ജി എസ് ടി സമ്പ്രദായം നടപ്പാക്കിയതിലെ പോരായ്മകളും പ്രകൃതി ദുരന്തങ്ങളും കോവിഡുംമൂലം ഈ വളര്‍ച്ചാ നിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല. പരിഹാരമായി നിര്‍ദേശിച്ച ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്തു. 

കേന്ദ്രവിഹിതം നാമമാത്രമാണെങ്കിലും  കേന്ദ്ര സര്‍ക്കാര്‍ ബ്രാണ്ടിംഗ് നിര്‍ബന്ധം എന്നാണ് അവസ്ഥ. ലൈഫ് പദ്ധതിയില്‍ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്ക് തുക പൂര്‍ണമായി നല്‍കുന്നതും, കേന്ദ്രധന സഹായമുള്ള ചുരുക്കം വീടുകളില്‍ തന്നെ  തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ ആണ്. എന്നാല്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേരളത്തിന്  കേന്ദ്ര പി എം എ വൈ പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന നാമമാത്ര തുക ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ബ്രാണ്ടിംഗ് നിര്‍ബന്ധമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകള്‍ ഓരോരുത്തരുടെയും സ്വന്തമാണ്. അതിന്മേ മറ്റൊരാള്‍ക്കും അവകാശമില്ല. വീട് നിര്‍മ്മിച്ച ശേഷം അത് ഇന്ന തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നും ഇന്നവരുടെ സഹായത്താല്‍  നിര്‍മ്മിച്ചതാണ് എന്നും  എഴുതി വെക്കുന്നത് വീട്ടുടമസ്ഥന്‍റെ ആത്മാഭിമാനത്തെ ആക്രമിക്കുന്നതാണ്. അത്തരത്തില്‍ ഒരു ലേബലിംഗും കേരളത്തില്‍ നടപ്പില്ല. ആര് നിര്‍ബന്ധിച്ചാലും അതിന് സംസ്ഥാന സർക്കാർ തയ്യാറാവുകയുമില്ല.  

ലൈഫ് ഭവന പദ്ധതിയുടെ  ഭാഗമായി 22.01.2024 തീയതി വരെ 3,71,934 വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ 32,751 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. പിഎംഎവൈ അര്‍ബന്‍റെ ഭാഗമായി 80,259 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നല്‍കി.  ഇതില്‍ രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക്  ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാം ചേര്‍ത്താലും ആകെ 1,13,010 വീടുകള്‍ക്ക് (30.38%) മാത്രമാണ് നാമമാത്രമായ ഈ കേന്ദ്രസഹായം ലഭിച്ചത്. ബാക്കി 2,58,924 വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചത്.  എന്നാല്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഈ വീടുകളില്‍ കേന്ദ്ര പദ്ധതിയുടെ പേരു പ്രദര്‍ശിപ്പിക്കണം, അല്ലാത്ത പക്ഷം കേന്ദ്രം നല്‍കുന്ന ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഇത് അനുവദിക്കുന്ന പ്രശ്നമില്ല.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള 2022- 23 ലെ നഗര തദ്ദേശ സ്വയംഭരണ ഗ്രാന്‍റിനത്തില്‍ 51.55 കോടി രൂപയും ഹെല്‍ത്ത് ഗ്രാന്‍റിനത്തില്‍ 137.17 കോടി രൂപയും കുടിശ്ശികയാണ്.   അതുപോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 660.34 കോടി പെര്‍ഫോമന്‍സ് ഗ്രാന്‍റ് അനുവദിച്ചിട്ടില്ല. 2018- 19,   2019 - 20 വര്‍ഷത്തേക്ക് പതിനാലാം ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്ഥാപങ്ങള്‍ക്കുള്ള പെര്‍ഫോമന്‍സ് ഗ്രാന്‍റായി ശുപാര്‍ശ ചെയ്തിരുന്ന 660.34 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടില്ല. സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടിയിലെ കേന്ദ്ര വിഹിതം 2023 - 24 വര്‍ഷം ഉച്ച ഭക്ഷണ പരിപാടി നടത്തിയതിന്‍റെ ഭാഗമായി 54 കോടി രൂപ കേന്ദ്ര ഗ്രാന്‍റ് ലഭിക്കാനുണ്ട്.  അധികവിഹിതമുള്‍പ്പടെ പ്രതിവര്‍ഷം ശരാശരി 16 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നത് ഭക്ഷ്യ ഭദ്രത നിയമം നടപ്പിലാക്കിയതിന് ശേഷം 14.25 ടണ്‍ ആക്കി കുറച്ചു. 

ഭരണഘടനാപരമായി തന്നെ നമ്മുടെ രാജ്യത്ത് ചെലവ് ബാധ്യതകള്‍ കേന്ദ്ര സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്കാണ്. 15 ആം ധനകാര്യ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ പൊതു ചെലവിന്‍റെ 62.4 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. വെറും 37.6 ശതമാനം മാത്രം വഹിക്കുന്ന കേന്ദ്രം രാജ്യത്തിന്‍റെ ആകെ വരുമാനത്തിന്‍റെ 62.2 ശതമാനവും കേന്ദ്രം കയ്യടക്കി വച്ചിരിക്കുന്നു.

കോളേജ് അധ്യാപകര്‍ക്ക് യു ജി സി  നിരക്കില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട 750 കോടി രൂപയുടെ ഗ്രാന്‍റ്റ് ലഭിച്ചിട്ടില്ല. നെല്ല് സംഭരണത്തിനുള്ള 792 കോടി രൂപയും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയതിന്‍റെ ഭാഗമായി ലഭിക്കാനുള്ള 61 കോടി രൂപയും ഇതുവരെ ലഭിച്ചിട്ടില്ല.   

5 വര്‍ഷത്തെ ആസൂത്രണത്തോടെയാണ് സംസ്ഥാനം അതിന്‍റെ ഫിസ്കല്‍ പോളിസി ഉണ്ടാക്കുന്നത്. പെട്ടെന്ന് വെട്ടിക്കുറക്കല്‍ ഉണ്ടാകുന്നത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കും.  കേരളത്തില്‍ സംഭവിച്ചത് ഇതാണ്. ഈ ധന ഞെരുക്കം കേന്ദ്ര സര്‍ക്കാര്‍ നിലപാടുമൂലമാണ്.

വലിയ ധനകാര്യ ചെലവുകളോടെ കേരളം പടുത്തുയര്‍ത്തിയ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്‍റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താതെ മറ്റു നിവൃത്തിയില്ല എന്ന നിലവന്നിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ സമരം നടത്താന്‍ നിര്‍ബന്ധിതമാകുന്നത്.  നിലവിലുള്ള പ്രശ്നങ്ങളും സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും നവകേരള സദസ്സില്‍ സജീവമായി ചര്‍ച്ചചെയ്തിരുന്നു. ഉപരോധ സമാനമായ കേന്ദ്രനിലപാട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. 

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച്, ഫെഡറല്‍ തത്വങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ യോജിച്ച സ്വരം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  രാജ്യതലസ്ഥാനത്ത് ഫെബ്രുവരി 8നാണ് സമരം സംഘടിപ്പിക്കുന്നത്. അന്നേ ദിവസം രാവിലെ 11 മണിയ്ക്ക്  മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രതിനിധികള്‍ തുടങ്ങി നിരവധി ആളുകള്‍  ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തില്‍ അണിചേരും. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന  കൂട്ടായ്മയിലേക്ക് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. ഈ സമരം നമ്മുടെ നാടു നേരിടുന്ന അനീതിക്കെതിരെയുള്ള യോജിച്ച പോരാട്ടമായി മാറേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഈ സമരത്തിന്‍റെ ഭാഗമാകാന്‍ എല്ലാവരും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.