വീണ്ടും മക്കള്‍ വിവാദം; മുഖ്യമന്ത്രിയുടെ മകള്‍ക്ക് 3 വര്‍ഷത്തിനിടെ മാസപ്പടിയായി 1.72 കോടി

 
c m

മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മക്കള്‍ വിവാദം വീണ്ടും. ഇത്തവണ മകള്‍ വീണ വിജയന്‍ മാസപ്പടിയായി 1.72 കോടി കൈപ്പറ്റിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെയാണ് തുക കൈപ്പറ്റിയത്. ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചു. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

i

ആദായനികുതി നിയമത്തിലെ 245 എ എ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നല്‍കുന്ന സെറ്റില്‍മെന്റ് അപേക്ഷയാണ് ബോര്‍ഡ് പരിഗണിക്കുന്നത്. ആദായ നികുതി വകുപ്പ് എതിര്‍കക്ഷിയായി വാദങ്ങള്‍ ഉന്നയിക്കും. തെളിവുകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ തീര്‍പ്പാക്കും. സേവനം നല്‍കാതെ വീണ എന്തിന് പണം വാങ്ങിയെന്ന ചോദ്യം വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ചയാക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് ഏറെ ചര്‍ച്ചകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിവെക്കുമെന്നുറപ്പാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം തയ്യാറെടുത്തുകഴിഞ്ഞു. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ചര്‍ച്ചയാക്കാനാണ് യു ഡി എഫ് നീക്കം. സേവനം നല്‍കാതെ പണം നല്‍കിയെന്നാണ് വിവാദമായ കണ്ടെത്തല്‍. നേരത്തെയും സഭയില്‍ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചര്‍ച്ചയായിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോപണം കത്തിനില്‍ക്കുമെന്നുറപ്പാണ്.