മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

 
C M and VD

സ്പീക്കർ എ.എൻ ഷംസീർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റം. എല്ലാ വിഷയങ്ങളിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ പ്രവർത്തിക്കില്ലെന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്.

എന്തിനാണ് പ്രതിപക്ഷനേതാവ് വൈകാരികമായും പ്രകോപനപരമായും സംസാരിക്കുന്നത് എന്ന ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. ജൂനിയർ എം എൽ എ മാത്യു കുഴൽനാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടുവെന്നും സതീശൻ ചോദിച്ചു.

യോഗത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷം സ്വീകരിച്ചത്. യോഗത്തിന് ശേഷം പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്പീക്കറുടെ ഡയസിന് കീഴിൽ പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ചോദ്യോത്തര വേള താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് സഭാനടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.