തിരുവനന്തപുരത്തും കോൺഗ്രസ് മാർച്ചിൽ സംഘർഷം
നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. പിന്നാലെ മുഖ്യമന്ത്രി ഗുണ്ടയോ? എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ചു.
സമരത്തിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ ബാരിക്കേഡിന് മുകളിൽ കയറി നിന്നും പ്രതിഷേധം നടത്തി.
തുടർന്ന് പോലീസുമായി പ്രകോപനപരമായ ഇടപെടലും, വാക്കേറ്റവുമുണ്ടായതോടെയാണ് പോലീസ് ലാത്തി വീശിയത്.
പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.. പോലീസിനു നേരെ കുപ്പിയേറുമുണ്ടായി.
ബാരിക്കേഡിനു മുകളിൽ കയറിയും പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറിയിരുന്നു.
സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറാതിരിക്കാൻ അകത്ത് മതിലിനു സമീപത്തായി പോലീസിനെ വിന്യസിച്ചിരുന്നു. മതിലിനു മുകളിലേക്കു കയറിയ പ്രവർത്തകരെയും പോലീസ് തടഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.