ക്ലിന്‍റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്റ്റംബർ 16-ന്

 
pAINTING

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്‍റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ ജില്ലാ ശിശുക്ഷേമ സമിതികളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12 മണിവരെ അതാത് ജില്ലകളിൽ വച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. മത്സരവേദികൾ ജില്ലാ ശിശുക്ഷേമ സമിതികൾ അറിയിക്കുന്നതാണ്.


രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (5-8), വെള്ള (9-12) നീല (13-16) പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (5-10) ചുവപ്പ് (11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരം. പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാലു ഉപ ഗ്രൂപ്പുകളായ് തിരിച്ചായിരിക്കും മത്സരം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരം തല്‍സ്ഥലത്തു വച്ചായിരിക്കും. മത്സര വിഷയങ്ങൾ തൽസമയത്ത് നൽകും. ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ വരയ്ക്കുന്നതിന് 40x50 സെ.മീ. (16”x20”) വലിപ്പത്തിലുള്ള പേപ്പറുകള്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കുന്നതാണ്. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടു വരേണ്ടതാണ്. ജലഛായം, എണ്ണഛായം, പെന്‍സില്‍ ഇത്യാദി മാധ്യമങ്ങള്‍ വരയ്ക്കായി ഉപയോഗിക്കാവുന്നതാണ്. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തിൽ ഉൾപ്പെടുത്തും. ഇതില്‍ നിന്നായിരിക്കും സംസ്ഥാനതല   വിജയികളെ പ്രഖ്യാപിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ അധികൃതരുടെ സാക്ഷി പത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 16-ന് രാവിലെ മത്സരസ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിമാരുമായോ 9847464613 എന്ന നമ്പരുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.