മുഖ്യമന്ത്രി കോണ്‍ഗ്രസ്സിന്റെ ദല്ലാളാകുന്നു: പി.കെ. കൃഷ്ണദാസ്

കോണ്‍ഗ്രസ്സിനു വോട്ട് മറിക്കാന്‍ ദില്ലിയില്‍ ഗൂഢാലോചന
 
BJP

ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിലും സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിന്, സിപിഎമ്മിന്റെ വോട്ടുമറിക്കാന്‍ ദില്ലിയില്‍ ഗൂഢാലോചന നടന്നെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വോട്ടു മറിക്കലിന് മുഖ്യമന്ത്രി പിണറായിവിജയന്‍ ദല്ലാളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബിജെപിക്കെതിരായ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ആസൂത്രിത ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. 
എല്‍ഡിഎഫിന്റെ വിജയത്തിനല്ല, മറിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതിനുള്ള പ്രസംഗവും പ്രചാരണവുമാണ് മുഖ്യമന്ത്രിയുടേത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ചില മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരെ മൗനം പാലിക്കുകയും ബിജെപി ക്കെതിരെ അതിനിശിതമായ വിമര്‍ശനവുമാണ് നടത്തുന്നത്. സ്വന്തം മുന്നണിയിലെ സിപിഐയോട് വിധേയത്വം പുലര്‍ത്തുന്നതിന് പകരം കോണ്‍ഗ്രസിനോടാണ് മുഖ്യമന്ത്രി വിധേയത്വം പുലര്‍ത്തുന്നത്. സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ വോട്ട് കോണ്‍ഗ്രസിന് അനുകൂലമായി നല്‍കുന്നത്. അതിന്റെ പരീക്ഷണശാലയാണ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം. മുതിര്‍ന്ന നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ ഇത്തവണ ഈ പരീക്ഷണം നടത്തില്ല എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സിപിഎമ്മും മുഖ്യമന്ത്രിയും പന്ന്യന്‍ രവീന്ദ്രനെ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. 
സിപിഎമ്മിന്റെ ഒരു നേതാവും കൗണ്‍സിലര്‍മാരും എല്‍സി സെക്രട്ടറിമാരും തിരുവനന്തപുരത്തില്ല. അവരെല്ലാം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ചേക്കേറിയിരിക്കുകയാണ്. വല്ലപ്പോഴും തിരുവനന്തപുരത്ത് വരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ തീരപ്രദേശങ്ങളില്‍ കടുത്ത വര്‍ഗീയതയും സിഐഎ വിരുദ്ധ പ്രചരണവും മണിപ്പൂര്‍ വിഷയങ്ങളുമാണ് ഇളക്കിവിടുന്നത്. 
മുഖ്യമന്ത്രി മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ ഏതെങ്കിലും മുസ്ലിമിന് പൗരത്വം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പിന്നെ എന്തിനാണ് മുഖ്യമന്ത്രി മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. സിഐഎയും മണിപ്പൂരും ഒന്നും ഇനി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല. പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലിം വികാരവും മണിപ്പൂരിന്റെ പേരില്‍ ക്രിസ്ത്യന്‍ വികാരവും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയത ആളിക്കത്തിച്ച് വോട്ടുകള്‍ യൂഡി എഫിലേക്ക് മറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. തിരുവനന്തപുരത്ത് വര്‍ഷങ്ങളായി ഈ കച്ചവടം നടന്നുകൊണ്ടിരിക്കുകയാണ്. ലോകസഭ, നിയമസഭ  തെരഞ്ഞടുപ്പുകളില്‍ എല്‍ഡിഎഫിന്റെ വോട്ടുകളിലും വോട്ടിംഗ് ശതമാനത്തിലുമുള്ള അന്തരം ഇത് വ്യക്തമാക്കുന്നതാണ്. 
2019 ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 258556 വോട്ടാണ് കിട്ടിയത്. പോള്‍ ചെയ്ത വോട്ടിന്റെ 25.60 ശതമാനം. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 4369377 വോട്ട് തിരുവനന്തപുരത്ത് കിട്ടി. 43.15 ശതമാനം. 2019 ഉം 2021ഉം താരതമ്യപ്പെടുത്തുമ്പോള്‍ എല്‍ഡിഎഫിന്  178181 വോട്ടിന്റെ വ്യത്യാസം തിരുവനന്തപുരത്ത് കാണാം. ശതമാന കണക്കിലും 18 ശതമാനത്തിന്റെ വ്യത്യാസം കാണാന്‍ സാധിക്കും. 2014-16 ലും ഈ വ്യത്യാസം ഉണ്ട്. 2014-ല്‍ എല്‍ഡിഎഫിന് 248911 വോട്ടാണ് കിട്ടിയത്. ശതമാനം നോക്കിയാല്‍ 28.50 ശതമാനം. 2016 ല്‍ 375486 വോട്ടുകളും  38.05 ശതമാനവും. 10 ശതമാനത്തിന്റെ വ്യത്യാസമാണ് വരുന്നത്. 
ബിജെപി യെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതു വഴി വികസന പ്രവര്‍ത്തനത്തില്‍ തിരുവനന്തപുരം പിന്തള്ളപ്പെടുകയാണ്. ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് തിരുവനന്തപുരത്തിന് ഉണ്ടാകേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ഈ രാഷ്ട്രീയചൂതാട്ടത്തിലൂടെ നഷ്ടപ്പെട്ടിരിക്കുകയാണ്. വികസന പ്രവര്‍ത്തനത്തില്‍ കേരളത്തെ ഇനിയും പിന്നോട്ടടിക്കാനാണ് രാഷ്ട്രീയാന്ധതയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. തിരുവനന്തപുരത്ത് മാത്രമല്ല തൃശൂരിലും മാവേലിക്കരയിലും ഇത് ആവര്‍ത്തിക്കും. സിപിഎമ്മിന് സിപിഐയേക്കാള്‍ വിധേയത്വം കോണ്‍ഗ്രസിനോടാണ് അതിനാല്‍ അവര്‍ക്ക് ആനിരാജയും തടസമാവില്ലായെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയും ബിജെപിയും വികസനം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സഹായത്തോടെ ഈ വെല്ലുവിളിയെ അതിജീവിക്കും. ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്നും കൃഷ്ണദാസ് പറഞ്ഞു.