വനിത കമ്മിഷന്റെ പബ്ലിക് ഹിയറിംഗിനു തുടക്കമായി സമഗ്ര സിനിമ, ടെലിവിഷന്‍ നയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

 
film

ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷന്‍ നയത്തിന് ഉടന്‍ അന്തിമ രൂപം നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ മേഖലകളില്‍ 
സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി അതതു മേഖലകളില്‍ പണിയെടുക്കുന്ന ആളുകളുടെ അഭിപ്രായങ്ങള്‍  കേള്‍ക്കാനും സ്വീകരിക്കാനുമാണ് പബ്ലിക് ഹിയറിംഗ് ഒരുക്കിയത്. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ പതിനൊന്ന് ഹിയറിംഗുകളാണ് വനിത കമ്മീഷന്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമാക്കി 1996-ലാണ് വനിതാകമ്മീഷന്‍ രൂപീകരിക്കുന്നത്.


    നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ പുരോഗമന ചിന്തയുടെയും ഭാഗമായി സ്ത്രീകള്‍ എല്ലാ മേഖലയിലേക്കും കടന്നു വരുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ സേനാ വിഭാഗങ്ങളിലുള്‍പ്പെടെ പരമ്പരാഗതമായി പുരുഷന്മാര്‍ തൊഴിലെടുത്ത പല തസ്തികകളിലും സ്ത്രീകള്‍ക്ക് നിയമനം അനുവദിച്ചു. തുല്യത നടപ്പിലാക്കുന്നതിന് ആവശ്യമായിട്ടുള്ള നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണ്ടതാണ്.
അതിന്റെ ഭാഗമായിട്ടാണ് വനിതാ സീരിയല്‍ താരങ്ങളുടെ അഭിപ്രായം തേടുന്നത്. ഈ മേഖലയല്‍ അടക്കം വിവേചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വിവേചനത്തോടെയുള്ള തൊഴില്‍ നിഷേധവും അതിക്രമങ്ങളും അനുവദിക്കില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി തയാറാക്കിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം ടെലിവിഷന്‍ സീരിയല്‍ രംഗത്തുള്ളവര്‍ക്കും സുരക്ഷയൊരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇതിന്റെ സമഗ്രതയ്ക്കായി ഉടന്‍ തന്നെ കോണ്‍ക്ലേവ് സംഘടിപ്പിക്കും.


തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലും സംരംഭകത്വങ്ങളിലും വനിത പ്രാതിനിധ്യം വര്‍ധിക്കുന്ന സാഹചര്യം പ്രതീക്ഷ നല്‍കുന്നു. തുല്യതയ്ക്കായി പൊതു സമൂഹത്തിന്റെ മനോഭാവം ഘട്ടം ഘട്ടമായി പൂര്‍ണമായി
മാറുന്നതിന് വനിത കമ്മീഷന്‍ നേതൃത്വം നല്‍കുന്ന പരിപാടി സഹായകരമാകുമെന്നും  മന്ത്രി പറഞ്ഞു.സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച കേരള വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി 11 മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരത്തിനായി സര്‍ക്കാരിനു ശിപാര്‍ശ നല്‍കും. സീരിയല്‍ മേഖലയിലെ സംഘടനകള്‍ പബ്ലിക് ഹിയറിംഗുമായി സഹകരിക്കുന്നതിന് മുന്നോട്ടുവന്നത് അഭിനന്ദനാര്‍ഹമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 


    ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, മലയാളം ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമൂവീസ് ഉണ്ണിത്താന്‍, ഫെഫ്ക എംഡി ടി വി ജനറല്‍ സെക്രട്ടറി വയലാര്‍ മാധവന്‍കുട്ടി, ആത്മ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍, സംസ്ഥാന കലാകാര സഹകരണ സംഘം വൈസ് പ്രസിഡന്റ് ഗായത്രി സുരേഷ്, ഫെഫ്ക എംഡി ടിവി വൈസ് പ്രസിഡന്റ് എസ്. ദേവി,  ആത്മ എക്‌സിക്യുട്ടീവ് മെമ്പര്‍ ജീജ സുരേന്ദ്രന്‍, അഭിനേത്രി ബീന ആന്റണി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മലയാളം ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സന്ധ്യ രാജേന്ദ്രന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. നിര്‍ഭയ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീലാ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. 
     മലയാളം ടെലിവിഷന്‍ ഫ്രെറ്റേണിറ്റി ജനറല്‍ സെക്രട്ടറി ഉണ്ണി ചെറിയാന്‍, മലയാളം ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷംനാദ്, വനിത കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, കേരള വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കേരള വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, മലയാള ടെലിവിഷന്‍ രംഗത്തെ അഭിനേതാക്കള്‍,  സംവിധായകര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.