വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറോട് കോണ്‍ഗ്രസ്

 
congress

കേരളത്തില്‍ വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍ എം.കെ.റഹ്‌മാനാണ് ഈ ആവശ്യം ഉന്നയിച്ചത്.


85 വയസ്സ് കഴിഞ്ഞ വോട്ടര്‍മാരുടെയും അംഗപരിമിത വോട്ടര്‍മാരുടെയും വോട്ടുകള്‍ പ്രത്യേകം പോളിംഗ് ടീം വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങി കൊണ്ടുപോകുന്നതിന് റിട്ടേണിംഗ് ഓഫീസര്‍ സീല്‍ ചെയ്ത ബോക്സ് ഏര്‍പ്പെടുത്തുവാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണം, ബാലറ്റ് ബോക്സിന്റെ താക്കോല്‍ റിട്ടേണിംഗ് ഓഫീസര്‍ സൂക്ഷിക്കണം, തപാല്‍ വോട്ട് വീട്ടില്‍ കൊണ്ടുവരുന്ന ദിവസം മുന്‍കൂട്ടി വോട്ടറേയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരേയും അറിയിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. 


ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ട് വിനിയോഗം സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഒരേതരത്തില്‍ നല്‍കുകയും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നല്‍കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. 

ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ ലിസ്റ്റ് ബൂത്ത് തിരിച്ചുള്ള കണക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നല്‍കണമെന്നു ജില്ലാ കളക്ടറുടെ യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇലക്ഷന്‍ ജോലികള്‍ക്ക് നിയോഗിച്ച വിവിധ സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്നും, നോമിനേഷന്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് പ്രീ-വെരിഫിക്കേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.