ഈ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോണ്‍ഗ്രസ് നാമാവശേഷമാകും: കെ.സുരേന്ദ്രന്‍

 
bjp

കേരളത്തില്‍ കോണ്‍ഗ്രസ് കുറച്ചു കാലം കൂടി അതിജീവിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഈ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോണ്‍ഗ്രസ് നശിച്ച് നാമാവശേഷമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായി കഴിഞ്ഞു. അതു കൊണ്ടാണ് രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിലും ഇടതുപക്ഷത്തിലും ഉണ്ടായിരുന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നീചമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ലെന്ന എംപിയും പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ആള്‍ പറയുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ജി എന്ന് വിളിച്ച രാഹുല്‍ ഗാന്ധിയാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുടെ നേതാവ്. രാജ്യദ്രോഹത്തിന്റെ ദേശവിരുദ്ധതയുടെ ഈ നാടിനെ ഛിന്ന ഭിന്നമാക്കാന്‍ ശ്രമിക്കുന്ന ഗ്യാങ്ങിന്റ നേതാവായി രാഹുല്‍ ഗാന്ധി മാറി. വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ള നേതാക്കള്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് നരേന്ദ്ര മോദിയോടൊപ്പം അണിനിരന്നു കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പണ്ടേïപറയുന്നത് ഇന്ത്യ ഒരു രാജ്യം അല്ല അനേകം നാട്ടുരാജ്യങ്ങളുടെ ഫെഡറേഷനെന്നാണ്. 


പതിനഞ്ച് വര്‍ഷം എംപിയായിരുന്ന ആളിനെക്കാള്‍ വെറും പതിനഞ്ച് ദിവസം കൊണ്ട് തിരുവനന്തപുരത്തുകാരുടെ മനം കവര്‍ന്നിരിക്കുകയാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍, സ്വസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, അഡ്വ.എസ്.സുരേഷ്, അഡ്വ.പി.സുധീര്‍, ഷോണ്‍ ജോര്‍ജ്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ.പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോണ്‍ഗ്രസ്, സി പി എം, ആം ആദ്മി പാര്‍ട്ടി,  കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയ നിരവധി  പേരെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.