രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ മൗനസത്യഗ്രഹം

രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ 
ശ്രമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും: കെ സുധാകരന്‍
 
kpcc

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് എഐസിസിയുടെ ആഹ്വാന പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ മൗനസത്യഗ്രഹം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു സത്യഗ്രഹം. എന്തുവിലകൊടുത്തും രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ ശ്രമത്തെ അത് അവസാനിപ്പിക്കും വരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷങ്ങളില്‍ 29 പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിനുമുന്നിലാണ് നമ്മള്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പോരാടുന്നത്. ഈ പോരാട്ടം തുടരും. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഏതുതലത്തിലും ചര്‍ച്ചാ വിഷയമാണ്. ലോക വേദികളില്‍ സംവദിച്ച് ലോകത്തിന്റെ മനസ് കീഴടക്കിയ നേതാവാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിധി ആസൂത്രിതമാണ്. വിധി പറഞ്ഞ് ജഡ്ജിക്ക് അഞ്ച് ദിവസത്തിനകം പ്രമോഷന്‍ നല്‍കി ജില്ലാ ജഡ്ജിയാക്കി.

kpcc

അതുപോലെ നമ്മുടെ നാട്ടിലും ഇത്തരം സംഭവങ്ങള്‍ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തന്നെ മോന്‍സന്റെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സെക്രട്ടറി കൊടുത്തിരിക്കുന്ന വാഗ്ദാനം തന്നെ അകത്താക്കിയാല്‍ അദ്ദേഹത്തിന് ഐപിഎസ് നല്‍കി എസ് പിയാക്കാമെന്നാണ്. ആ കരാറിന്റെ പുറത്താണ് ആ പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചും ഇത്തരം സംഭവങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കുവേണ്ടി നമ്മള്‍ നടത്തുന്ന ഈ സമരം അവസാനത്തേതല്ല, തുടക്കമാണ്. അചഞ്ചലമായി ഈ സമരത്തെ നമ്മള്‍ മുന്നോട്ട് കൊണ്ടുപോകും. രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിന്റെ അധികാരത്തിലെത്തിക്കാനുള്ള പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും മൗനസത്യഗ്രഹത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കെ.സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ഭരണകൂടത്തിന് മറുപടിയില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഭരണകൂടം ഭയക്കുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഇനിയും ഉയര്‍ന്നുകൊണ്ടിരിക്കും. അദ്ദേഹത്തെ നിശബ്ദനാക്കാന്‍ കഴിയില്ല. അദ്ദേഹം ഇനിയും ചോദ്യങ്ങള്‍ ചോദിക്കും. ജനാധിപത്യ ഭാരതത്തില്‍ ഒരു നക്ഷത്രമായി ഉദിച്ചുയര്‍ന്ന രാഹുല്‍ ഗാന്ധിയെ ജയിലില്‍ അടയ്ക്കണമെന്നത് സംഘപരിവാറിന്റെയും ബിജെപിയുടെയും ആവശ്യമാണ്. ജയിലില്‍ കിടക്കുന്ന രാഹുല്‍ ഗാന്ധിയാണോ, ജയിലിന് പുറത്തെ രാഹുല്‍ ഗാന്ധിയാണോ ശക്തനെന്ന് കോണ്‍ഗ്രസ് തെളിയിക്കും. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികള്‍ക്കെതിരെ രാഹുലിന്റെ പോരാട്ടം തുടരുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ക്രിമിനല്‍ നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് രാഹുല്‍ ഗാന്ധിക്കെതിരെ ജഡ്ജി വിധി പറഞ്ഞത്.

kpcc

ഏത് ക്രിമിനല്‍ നിയമത്തിലാണ് പറയുന്നത് വേറെ കേസുള്ളതെങ്കില്‍ ഈ കേസില്‍ സ്റ്റേ തരില്ലെന്നതും സവര്‍ക്കറിന്റെ കൊച്ചുമകന്‍ കേസ് കൊടുത്തതുകൊണ്ട് ഈ കേസിന് സ്റ്റേ തരില്ലെന്ന് ഈ ജഡ്ജി പഠിച്ചത് ഏത് നിയമമാണെന്നും ഇത് എവിടത്തെ നീതിയാണെന്നും വി ഡി സതീശന്‍ ചോദിച്ചു. രാവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് മൗനസത്യഗ്രഹത്തിന് തുടക്കം കുറിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ സ്വാഗതവും ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷതയും വഹിച്ചു. എംപിമാരായ കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ ടി.സിദിഖ്, പി.സി.വിഷ്ണുനാഥ്, ജി.എസ് ബാബു, മരിയാപുരം ശ്രീകുമാര്‍, എന്‍.ശക്തന്‍, വി.പി സജീന്ദ്രന്‍, എം ലിജു, പി.ജെ കുര്യന്‍, പഴകുളം മധു, എം എം. നസീര്‍, കെ.പി.ശ്രീകുമാര്‍,  ആന്റോ ആന്റണി,രമ്യ ഹരിദാസ്, ജെ ബി മേത്തര്‍, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലീബ്, ആര്യാടന്‍ ഷൗക്കത്ത്, എ.പി അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്മാന്‍, ആലിപ്പറ്റ ജമീല, എ എ.ഷുക്കൂര്‍, പി.എം.നിയാസ്, എം.ജെ.ജോബ്, ഷനാവാസ് ഖാന്‍, എന്‍.ഡി.അപ്പച്ചന്‍, രാജേന്ദ്രപ്രസാദ്, മുഹമ്മദ് ഷിയാസ് , സതീഷ് കൊച്ചുപറമ്പില്‍, ബാബുപ്രസാദ്, അന്‍വര്‍ സാദത്ത്, എം.വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളില്‍, ഐ.സി.ബാലകൃഷ്ണന്‍, ടി.ജെ വിനോദ്, ഉമാ തോമസ്, വി.എസ് ശിവകുമാര്‍,ശൂരനാട് രാജശേഖരന്‍, ബിന്ദുകൃഷ്ണ, ടി.ശരത്ചന്ദ്രപ്രസാദ്, ചെറിയാന്‍ ഫിലിപ്പ്, കെ.മോഹനന്‍കുമാര്‍, വര്‍ക്കല കഹാര്‍, എം എ വാഹിദ്, മണക്കാട് സുരേഷ്, ജോണ്‍സണ്‍ എബ്രഹാം, നെയ്യാറ്റിന്‍കര സനല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെയും സെല്ലുകളുടെയും ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.