നടക്കുന്നത് എനിക്കെതിരെയുള്ള ഗൂഢാലോചന: ഇ.പി.ജയരാജന്‍

 
EP

തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗൂഢാലോചന നടത്തിയത് ആരാണെന്ന് തനിക്കറിയാമെന്നും അത് ശരിയായ സമയത്ത് പറയുമെന്നും ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

താൻ ജാഥയിൽ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം അപ്രസക്തമാണ്. തന്നെ ലക്ഷ്യമിടുന്ന മാധ്യമങ്ങളുണ്ട്. ചിലർ നൽകുന്ന ഉപദേശത്തിനനുസരിച്ച് ചില മാധ്യമങ്ങൾ വാർത്തകൾ കെട്ടിച്ചമയ്ക്കുകയാണ്. എത്ര വാർത്ത മെനഞ്ഞാലും പ്രസിദ്ധീകരിച്ചാലും പ്രശ്നമില്ല.

എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. എല്ലാവരും ജാഥയിൽ പങ്കെടുക്കണം. ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.