മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലതലപര്യടനം: ജില്ലയില്‍ ഡിസംബര്‍ 21 മുതല്‍ 24 വരെ
നവകേരള നിര്‍മിതിയുടെ ഭാഗമായി ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നടത്തുന്ന ഔദ്യോഗിക പര്യടനം തിരുവനന്തപുരം ജില്ലയില്‍ ഡിസംബര്‍ 21 മുതല്‍ 24വരെ നടക്കും. നവംബര്‍ 19ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന പ്രചരണ പരിപാടി ഡിസംബര്‍ 21ന് ജില്ലയില്‍ പ്രവേശിക്കും. വര്‍ക്കലയിലാണ് ആദ്യ പരിപാടി. ഡിസംബര്‍ 21ന് ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലത്തിലും 22ന് അരുവിക്കര,കാട്ടാക്കട,നെയ്യാറ്റിന്‍കര,പാറശാല മണ്ഡലത്തിലും 23ന് കോവളം,നേമം,വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലുമാണ് പര്യടനം. ഡിസംബര്‍ 24ന് കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ നടക്കുന്ന പരിപാടികളോടെ സമാപിക്കും. ആറ്റിങ്ങല്‍,കാട്ടാക്കട,തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ പ്രഭാതയോഗങ്ങളും നടക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്താനായി മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ എം.എല്‍.എമാരുടെയും ഉദ്യോഗസ്ഥരുടെയും ആലോചനാ യോഗം ചേര്‍ന്നു.
പ്രചരണ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് എല്ലാ മണ്ഡലങ്ങളിലും അതത് എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായും ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥന്മാര്‍ കണ്‍വീനര്‍മാരായും മണ്ഡലതല സംഘാടക സമിതികള്‍ ഒക്ടോബര്‍ 15നകം രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. ഒക്ടോബര്‍ 30ന് മുമ്പ് ഗ്രാമപഞ്ചായത്ത് / വാര്‍ഡ് തലത്തിലും ബൂത്ത് തലങ്ങളിലുമുള്ള സംഘാടക സമിതികളും രൂപീകരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി ആന്റണി രാജു ചെയര്‍മാനായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ജനറല്‍ കണ്‍വീനറായും എം.എല്‍.എമാര്‍ മണ്ഡലതല സംഘാടക സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായും ജില്ലാതല സംഘാടക സമിതിയും രൂപീകരിച്ചു.
തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, എം.എല്‍.എമാരായ ഒ.എസ് അംബിക, ജി.സ്റ്റീഫന്‍, ഡി.കെ മുരളി, കെ.ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, വി.ജോയ്, വി.കെ പ്രശാന്ത്, എം.എല്‍.എമാരുടെ പ്രതിനിധികള്‍, ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ്. ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.