പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് തുടർപഠന പിന്തുണ ഉറപ്പാക്കും: മന്ത്രി കെ.എ. തുളസി
Updated: Nov 27, 2026, 19:21 IST
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് തുടർപഠനത്തിനും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾക്കും കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 'വിജയമധുരം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഏകദിന വിനോദയാത്ര സംഘടിപ്പിക്കും. ഹോസ്റ്റലുകളിലെ ഭക്ഷണക്രമവും പരിഷ്കരിക്കും. സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് തുടർപഠനവും തൊഴിലും ഉറപ്പാക്കുന്നതിനായി വിവരശേഖരണ ഡേറ്റാബേസ് തയ്യാറാക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മികച്ച പഠന-തൊഴിൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
