സഹകരണവകുപ്പിന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് : മന്ത്രി വി എന്‍ വാസവന്‍

 
vasavan

 കേരളസര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ്  സഹകരണ ആശുപത്രികളുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ്  പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പെയ്ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍  23 ആശുപത്രി സഹകരണ സംഘങ്ങള്‍ സേവനം നല്‍കി വരുന്നുണ്ട്. പാലക്കാട് ജില്ലയില്‍ പാലക്കാട് ജില്ല സഹകരണ ആശുപത്രിയുടെ കീഴില്‍ സൗജന്യ പാലിയേറ്റീവ് കെയര്‍ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുന്നതിനായി നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തില്‍ ഒടുക്കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി തിരികെ വീടുകളില്‍ എത്തിയ്ക്കുകയും, തുടര്‍ ചികിത്സ ആവശ്യമാണെങ്കില്‍ നിശ്ചിത ഇടവേളകളില്‍ താമസസ്ഥലത്തെത്തി ആവശ്യമായ രോഗനിര്‍ണ്ണയ പരിശോധനകള്‍ നടത്തുകയും ചെയ്യും. ഇതിന്  ഫീസ് ഈടാക്കും. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി എല്ലാ തലങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണങ്ങളിലും സഹകരണ ആശുപത്രികളെ ഉള്‍പ്പെടുത്താമോയെന്നത് പരിശോധിക്കുന്നതാണന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രി സഹകരണ സംഘങ്ങളുടെ കീഴിലുളള നീതി ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ആധുനിക സ്‌കാനിംഗ് സെന്ററുകള്‍, ഇ.സി.ജി. തുടങ്ങിയവ മുഖേന വ്യത്യസ്തമായ സേവനങ്ങള്‍ നല്‍കുന്നത് വഴി  സഹകരണ മേഖല ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പിലാക്കിയ ആശുപത്രികള്‍ മുഖേന ഫിസിയോ തെറാപ്പി ചികിത്സ, ലബോറട്ടറി സാമ്പിള്‍ കളക്ഷന്‍, മരുന്നുകള്‍ വീട്ടില്‍ എത്തിക്കല്‍, ഗൃഹ സന്ദര്‍ശനത്തിലൂടെ പരിചരണം, വിവിധ പരിശോധനകള്‍ എന്നിവ നടപ്പിലാക്കി വരുന്നുണ്ട്. നിലവില്‍ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയില്‍ ടി പദ്ധതിയുടെ കീഴില്‍ ചികിത്സ ലഭ്യമാക്കിയ ആളുകളെ അംഗങ്ങളാക്കി ഒരു പ്രമേഹ നിയന്ത്രണ പരിപാടി സംഘടിപ്പിക്കുകയും ഡയബറ്റിക്ക് ക്ലബ് രൂപീകരിക്കുകയും ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കി വരികയും ചെയ്യുന്നുണ്ട്. 

പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പിലാക്കാത്ത ജില്ലകളിലെ സഹകരണ ആശുപത്രികളില്‍  പദ്ധതി നടപ്പിലാക്കുവാനുളള അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ തല ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാന്തന പരിചരിചണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ബാങ്കുകളുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് സഹായം നല്‍കി വകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എം എല്‍ എ മാരായ ഒ. എസ് അംബിക, കെ കെ രാമചന്ദ്രന്‍ , പി ടി എ റഹിം  എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ്  മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.