നിക്ഷേപകർക്ക് നഷ്ടപരിഹാരം നൽകേണ്ടത് സിപിഎം; പൊതുഖജനാവിലെ പണം ഉപയോഗിക്കരുത്: കെ.സുരേന്ദ്രൻ

 
bjp

 സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവർക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മുകാർ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവിൽ നിന്നാണോ അടയ്ക്കേണ്ടതെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റെ പണം കൊടുത്ത് സഹകാരികളുടെ കടം വീട്ടണം. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് സിപിഎം. സഹകരണ മന്ത്രിമാർ തന്നെ നേരിട്ട് സഹകരണ കൊള്ള നടത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയത് സിപിഎമ്മാണ്. സഹകരണ ബാങ്കുകളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പറയുന്നത് ഭരണഘടനാലംഘനമാണ്. സർക്കാരിന് ഇതിൽ ഇടെപടാനാവില്ല. കണ്ണൂരിലെ റബ്കോയിൽ സിപിഎമ്മുകാർ നടത്തിയ അഴിമതിക്ക് പിഴയായി സർക്കാർ 400 കോടി നൽകി. പരിയാരം മെഡിക്കൽ കോളേജിലും സമാനമായ അനുഭവമുണ്ടായി. സർക്കാർ 700 കോടി കൊടുത്താണ് സിപിഎം അഴിമതി നികത്തിയതെന്നും സുരേന്ദ്രൻ.

സഹകരണ പ്രസ്ഥാനങ്ങളെ കേന്ദ്രം തകർക്കാൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമായി മുന്നോട്ട് കൊണ്ട് പോകാനാണ് കേന്ദ്രസർക്കാരും ബിജെപിയും ആഗ്രഹിക്കുന്നത്. എന്നാൽ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസത തകർക്കുന്നത് സിപിഎമ്മും പിണറായി സർക്കാരുമാണ്. യുഡിഎഫിനും ഇതിൽ പങ്കുണ്ട്. പാവപ്പെട്ട സഹകാരികൾ സഹകരണ ബാങ്കുകൾക്ക് മുന്നിൽ പണത്തിന് വേണ്ടി ക്യൂ നിൽക്കുകയാണ്. ഇതിന് ഉത്തരവാദി സർക്കാരാണ്. സഹകരണബാങ്കിലെ തെറ്റായ പ്രവണതയ്ക്കെതിരെ നോട്ട് നിരോധനസമയത്ത് ബിജെപി മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ അന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നിയമസഭയിൽ പ്രമേയം കൊണ്ടുവരുകയും കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയുമായിരുന്നു. സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സഹകരണ ബാങ്കുകളെ അവർ ഉപയോഗിക്കുന്നത്. നോട്ട് നിരോധനസമയത്ത് ആയിരക്കണക്കിന് കോടി രൂപ അവർ വെളുപ്പിച്ചു. വർഷങ്ങളായി ഈ മേഖലയിൽ സിപിഎമ്മും കോൺഗ്രസും വലിയ ക്രമക്കേടുകളാണ് നടത്തുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് കരുവന്നൂരിലെ കള്ളപ്പണ ഇടപാടിനെ കുറിച്ചാണ്. പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തവരെ കുറിച്ച് അന്വേഷിച്ചത് സംസ്ഥാന ഏജൻസികളാണ്. എന്നാൽ സംസ്ഥാന ഏജൻസികൾ പ്രതികളെ സംരക്ഷിക്കുകയായിരുന്നു. തട്ടിപ്പിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളായതു കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റവാളികളിലേക്ക് പോവാതിരുന്നത്. ബാങ്ക് ജീവനക്കാരെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിച്ചു. കൊള്ളപ്പണത്തിന്റെ പങ്ക് സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. കൊള്ളപ്പണം തൃശ്ശൂരിലെ മറ്റ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു. എസി മൊയ്തീനിൽ മാത്രം ഒതുങ്ങുന്ന കേസ് അല്ല ഇതെന്നും അതിലും വലിയവർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ.

ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിയിൽ 82 ശതമാനം സർക്കാരിന് ഓഹരിയുണ്ടെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം കൊടുത്തത്. അങ്ങനെയെങ്കിൽ ആ സ്ഥാപനം സിഎജി ഓഡിറ്റിംഗിന് വിധേയമാവേണ്ടതല്ലേ? അവിടെ ആരൊക്കെ നിക്ഷേപം നടത്തിയെന്ന് ജനങ്ങൾ അറിയേണ്ടതല്ലേ? അവിടെത്തെ നിയമനം എങ്ങനെയെന്ന് ജനങ്ങൾ അറിയേണ്ടേ? ഓഹരി കാര്യം സർക്കാർ എന്തിനാണ് ഇത്രയും കാലം മറച്ച് വെച്ചത്? പിണറായി സർക്കാരിൻ്റെ കാലത്ത് 6511.7 കോടി രൂപയുടെ 4681 സർക്കാർ - പൊതു മേഖലാ പ്രവൃത്തികളുടെ കരാറാണ് യുഎൽസിസിക്ക് നൽകിയത്. 3613 പ്രവൃത്തികൾ ടെൻഡറില്ലാതെ നൽകി. എന്തുകൊണ്ടാണ് അവർക്ക് ഒരു മാനദണ്ഡവുമില്ലാതെ ടെണ്ടർ നൽകുന്നത്? സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന സിപിഎം നിലപാടിനെതിരെ ഒക്ടോബർ 2ന് കരുവന്നൂരിൽ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര നടക്കും. നവംബറിൽ സഹകരണ സംരക്ഷണ സമ്മേളനം നടത്തുമെന്നും കെ.സുരേന്ദ്രൻ