ആഴ്ചവട്ടം കാഴ്ചവട്ട'ത്തിൽ രാഷ്ട്രീയ മേഖലയിലെ വിമർശനാത്മകമായ നിരീക്ഷണങ്ങൾ: വി.ഡി. സതീശൻ

 
ppp
രാഷ്ട്രീയ മേഖലയിലെ ചടുലമായ നിരീക്ഷണങ്ങളാണ്  'ആഴ്ചവട്ടം കാഴ്ചവട്ടം' എന്ന രാഷ്ടീയ ലേഖന സമാഹാരത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രമുഖ മാധ്യമ പ്രവർത്തകൻ ഗോപിനാഥ് മഠത്തിൽ 'വീക്ഷണം' ദിനപത്രത്തിൽ ഏഴ് വർഷങ്ങളായി തുടർച്ചയായി എഴുതുന്ന നിരീക്ഷകൻ പംക്തിയിലെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമായ 'ആഴ്ചവട്ടം കാഴ്ചവട്ടം' എന്ന പുസ്തകത്തിൻ്റെ  പ്രകാശനം  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ എം.എസ് ഫൈസൽഖാൻ പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. എഴുത്തുകാരനില്‍ നിന്നും പ്രസാധകനിലൂടെ വായനക്കാരിലേക്ക് എത്തുമ്പോഴാണ് ഒരു പുസ്തകം അതിന്റെ പൂര്‍ണ ഫലപ്രാപ്തിയിലെത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലേഖനങ്ങള്‍  ആനുകാലിക രാഷ്ട്രീയ സംഭവങ്ങളുടെ സൂഷ്മ വിശകലനങ്ങളാണ്. വിഷയങ്ങളുടെ രാഷ്ട്രീയം ഓരോ ലേഖനത്തിലും ഉൾക്കൊള്ളുന്നുണ്ട്.  ലേഖനങ്ങളുടെ തലക്കെട്ടുകളും വായനക്കാര്‍ അക്കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ വിഷയവുമായി ബന്ധപ്പെടുത്തി  ഓര്‍ത്തിരിക്കുമെന്നതാണ് പുസ്തകത്തിൻ്റെ സവിശേഷതയെന്നും സതീശൻ പറഞ്ഞു.
ഗോപിനാഥ് മഠത്തിലിന്റെ പത്രപ്രവർത്തന രംഗത്തെ ദീർഘകാലത്തെ പരിചയവും രാഷ്ട്രീയത്തിൻ്റെ  ഉൾക്കാമ്പറിഞ്ഞ്  വിലയിരുത്താനുള്ള അസാധാരണമായ കഴിവും ഓരോ ലേഖനങ്ങളിലും തെളിഞ്ഞു കാണാം. രാഷ്ട്രീയത്തിലെ  സംഭവ വികാസങ്ങളെ സിനിമയിലെ സമാന സ്വഭാവമുള്ള ദൃശ്യങ്ങളുമായി കൂട്ടിയിണക്കിയ ദൃശ്യമാധ്യമങ്ങളിലെ ഏകോപനം ലേഖനങ്ങളിലുണ്ട്. വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും  ചെയ്യുന്നതാണ് ഓരോ ലേഖനങ്ങളും.  ഗവർണറും സർക്കാരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തെ കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിനോട് ഉപമിച്ചു കൊണ്ടാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊണ്ടും കൊടുത്തും ഗോൾവല ചലിപ്പിക്കുന്ന ഫുട്ബോൾ മത്സരം എന്ന ലേഖനം എഴുത്തുകാരൻ്റെ സൂക്ഷ്മ നിരീക്ഷണത്തിൻ്റെ ഉദാഹരണം കൂടിയാണ്. അങ്ങനെ  എടുത്തു പറയാവുന്ന നിരവധി ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻ വൈസ് ചാൻസിലർമാരായ പ്രഫ. ഡോ. സിറിയക് തോമസ്, പ്രഫ. ഡോ. കുഞ്ചിറിയ പി. ഐസക്, ശാസ്ത്ര വേദി സെക്രട്ടറി വിമലൻ,  ഗ്രന്ഥകർത്താവ് ഗോപിനാഥ് മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസാണ്  പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രിയദർശിനി പബ്ലിക്കേഷൻസ് സെയിൽ എമ്പോറിയത്തിലും  ആമസോൺസ് ഫ്രണ്ടേജിലും പുസ്തകം ലഭ്യമാണ്.