കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനൽ സാധ്യത പരിശോധിക്കും: മുഖ്യമന്ത്രി
കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 'വിഷൻ കൊയിലാണ്ടി @ 2040' വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
29 കിലോമീറ്ററോളം കടൽത്തീരമുള്ള കൊയിലാണ്ടിയിൽ ക്രൂയിസ് കപ്പലുകൾക്ക് ആവശ്യമായ ആഴമുണ്ടോയെന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. അനുകൂല റിപ്പോർട്ട് ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും. വലിയ കപ്പലുകൾക്ക് ആവശ്യമായ ആഴമില്ലെങ്കിൽ റിവർ ക്രൂയിസ് സാധ്യത പരിശോധിക്കും.
പദ്ധതി യാഥാർഥ്യമായാൽ ടൂറിസം, റിസോർട്ട് മേഖലകളിൽ നിക്ഷേപവും തൊഴിലവസരങ്ങളും വർധിക്കും. കപ്പൽ നിർമാണം, അറ്റകുറ്റപ്പണി മേഖലകൾക്കും സാധ്യതയുണ്ട്. 'മിഷൻ സമുദ്ര' പദ്ധതിയിലൂടെ ഇത്തരം സംരംഭങ്ങൾക്ക് സർക്കാർ പിന്തുണ നൽകും.
തിരുവങ്ങൂർ ഐ.ടി. പാർക്ക്, കെൽട്രോണിന്റെ പുതിയ കേന്ദ്രം, വെറ്ററിനറി സർവകലാശാലാ കേന്ദ്രം എന്നിവയ്ക്കും പിന്തുണ നൽകും. ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരണം. വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകൾ ആരംഭിച്ച് പഠനം പൂർത്തിയാക്കുന്നവരിൽ 70 ശതമാനം പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ നഴ്സിങ് സീറ്റുകൾ മൂന്നുവർഷത്തിനുള്ളിൽ 11,000-ത്തിൽനിന്ന് 30,000 ആയി ഉയർത്തും. നിലവിൽ 50,000ത്തോളം വിദ്യാർഥികൾ നഴ്സിങ് പഠനത്തിനായി കേരളത്തിന് പുറത്തുപോകുന്നുണ്ട്. കൂടുതൽ നഴ്സിങ് കോളേജുകളും സൗകര്യങ്ങളും ഒരുക്കി ഈ സാഹചര്യം മാറ്റുകയാണ് ലക്ഷ്യം.
വികസന പദ്ധതികൾക്ക് സമയപരിധി നിശ്ചയിച്ച് കൗണ്ട്ഡൗൺ സംവിധാനം ഏർപ്പെടുത്തണം. പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാഷ്ബോർഡ് വഴി നിരീക്ഷിക്കും. ചേമഞ്ചേരിയിൽ നാടൻ കലകൾ പ്രോത്സാഹിപ്പിക്കുന്ന കലാഗ്രാമം ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾക്കും പിന്തുണ നൽകും. സംസ്ഥാനത്തെ 100 ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയിൽ കൊയിലാണ്ടിയെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, പ്രോഗ്രാം കൺവീനർ വി.വി. സുധാകരൻ എന്നിവർ സംസാരിച്ചു. പി.ടി. ഉഷ എം.പി.യുടെ സന്ദേശം വായിച്ചു.
