ബാലകേരളം ലോഗോ പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
Mar 6, 2024, 22:25 IST
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന ബാലകേരളം പദ്ധതി ആയിരം പഞ്ചായത്തുകളില്‍ നിന്നുമായി ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് വിജ്ഞാന കേരളത്തിന്റെ സാംസ്‌കാരിക പ്രക്രിയയ്ക്ക് കരുത്തു കൂട്ടുവാന്‍ ഉതകുന്നതാണ്. ജില്ലാതലത്തിലും പഞ്ചായത്ത്തലത്തിലും പരിശീലകര്‍ ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ പാഠ്യേതര വിഷയങ്ങളായ പൗരബോധം, യുക്തിചിന്ത, ശാസ്ത്രാവബോധം, പൊതുവിജ്ഞാനം, ഭരണഘടന പരിചയം, ചരിത്രബോധം, കലാ കായിക സാഹിത്യ മികവ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കി പ്രതിവര്‍ഷം ഒരു ലക്ഷം പ്രതിഭകളെ നവകേരളത്തിന് സമ്മാനിക്കുന്ന പദ്ധതിയാണ്. സാംസ്‌കാരിക വകുപ്പു മന്ത്രി ചെയര്‍മാനും ശ്രീ. ജി. എസ്. പ്രദീപ് കണ്‍വീനറുമായ പതിനൊന്ന് അംഗ ഭരണസമിതി രൂപീകരിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനായിരിക്കും ഈ പദ്ധതിയുടെ നോഡല്‍ ഓഫീസ്. തൃശ്ശൂരില്‍ വച്ച് നടന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖം പരിപാടിയില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പ്രഖ്യാപിച്ച ബാലകേരളം പദ്ധതിയുടെ ലോഗോ ബഹു. സാംസ്‌കാരിക വകുപ്പു മന്ത്രി ശ്രീ. സജി ചെറിയാന്‍ പ്രകാശനം ചെയ്യുന്നു.