സർക്കാർജീവനക്കാരുടെ ക്ഷാമബത്ത ഉടൻ നൽകണമെന്ന് രമേശ് ചെന്നിത്തല
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്താ വിഷയത്തിൽ സർക്കാർ കൈക്കൊണ്ടിരിക്കുന്ന നിഷേധാത്മകനിലപാട് വിചിത്രമാണെന്നും തിരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .ജീവനക്കാരുടെ അഞ്ചു ഗഡു ഡി എ ഇപ്പോൾ കുടിശ്ശികയാണ്. ജൂലൈ ഒന്നു മുതൽ ആറാമത്തെ ഗഡുവിന് ജീവനക്കാർ അർഹമായിരിക്കുകയാണ്. എന്നാൽ ജീവനക്കാർക്ക് അർഹമായ DA അനുവദിക്കുന്നതിൽ നിന്നും സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. ഇത്തരത്തിൽ DA നിഷേധിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്.ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിഎയുടെ മൂന്നിരട്ടിയിലധികം തുകയ്ക്ക് ജീവനക്കാർ അർഹരാണ്. എന്നാൽ 2021 ജനുവരി മുതലുള്ള DA ജീവനക്കാർക്ക് അനുവദിച്ചിട്ടില്ല അതേസമയം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് സർക്കാർ ഡി എ അനുവദിച്ചിട്ടുണ്ട് ഇത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്
വിപണിയിലെ വിലക്കയറ്റം സർവ്വകാല റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്.ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമായി മാറിയിരിക്കുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന എൽ ഡി എഫ്
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ ഇരയായി മാറിയിരിക്കുകയാണ് സർക്കാർ ജീവനക്കാർ.ലീവ് സറണ്ടറിന്റെ കാര്യത്തിൽ ജീവനക്കാരെ പറ്റിക്കുന്ന രീതിയിലാണ് എൽഡിഎഫ് സർക്കാരിൻ്റെ ഉത്തരവുകൾ
ലീവ് സറണ്ടർ ജീവനക്കാർക്ക് നേരിട്ട് നൽകാതെ പിഎഫിൽ ലയിപ്പിക്കുന്നത് കാരണം സർക്കാരിന് നിലവിൽ യാതൊരു ബാധ്യതയും ഉണ്ടാകുന്നില്ല ,മാത്രവുമല്ല 2027 ൽ അന്ന് അധികാരത്തിലുള്ള സർക്കാരാണ് ഈ ഇനത്തിലുള്ള ബാധ്യത വഹിക്കേണ്ടി വരിക.
അതേസമയം ജീവനക്കാർക്ക് വരുമാന നികുതിയിനത്തിൽ ഇരട്ട ബാധ്യതയാണ് ഉണ്ടാവുക. പിഎഫിൽ ലയിപ്പിക്കുന്നത് കാരണം ജീവനക്കാരുടെ കൈയ്യിൽ ലഭ്യമാകാത്ത തുകയുടെ പേരിൽ വരുമാന നികുതി അടയ്ക്കേണ്ട ബാധ്യതകൂടെ സർക്കാർ ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്ന സമീപനമാണ് ഈ സർക്കാർ അനുവർത്തിക്കുന്നത്.
.തൊഴിലാളി പ്രതിബദ്ധത അവകാശപ്പെട്ട് അധികാരത്തിൽ വന്ന ഒരു സർക്കാരിന് ഇത് യാതൊരുവിധത്തിലും ഭൂഷണമല്ല. ജീവനക്കാർക്ക് കുടിശ്ശികയായ മുഴുവൻ ഡി എ യും ഉടൻ അനുവദിക്കണമെന്നും സറണ്ടർ ഇനത്തിൽ തുക പി എഫിൽ ലയിപ്പിക്കുന്നതിന് പകരം പണമായിത്തന്നെ ജീവനക്കാർക്കു നൽകാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല .