മാനസികാരോഗ്യം കുറയുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിത കമ്മിഷന്‍
മാനസികാരോഗ്യം കുറഞ്ഞു വരുന്നതു മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതായി വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ കേരള സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം.
കുടുംബജീവിതത്തിന് സഹായകമാകുന്ന സക്രിയമായ നിര്‍ദേശങ്ങള്‍ ദമ്പതികളില്‍ ഒരാള്‍ മുന്നോട്ടു വച്ചാല്‍ മാനസികമായ അപാകതമൂലം മറ്റേ ആളിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഇതുമൂലം ഭാര്യാ, ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതാകുകയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുകയുമാണ്. ദമ്പതിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളെയാണ് ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്നത്. ഇക്കാര്യം മാതാപിതാക്കള്‍ മനസിലാക്കി ഉത്തരവാദിത്തത്തോടെ ജീവിക്കണം. കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് മദ്യപാനവും വലിയൊരു കാരണമാണ്. മാനസികാരോഗ്യം കുറയുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ദമ്പതിമാര്‍ കൗണ്‍സിലിംഗിനു വിധേയമാകണം. മാനസിക പ്രശ്‌നം കൂടുതലുള്ളവര്‍ നിര്‍ബന്ധമായും സൈക്യാട്രിസ്റ്റിന്റെ സേവനം തേടണം. ഇതില്‍ വൈമുഖ്യം കാണിക്കാതെ ഉള്‍ക്കൊണ്ടു ചികിത്സ തേടാന്‍ തയാറാകണം. കോവിഡ് കാലത്ത് ഗവ അനുവദിച്ച ഫീസ് ഇളവിനു ശേഷം ബാക്കിയുള്ള തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ നിലനില്‍ക്കുന്ന പരാതികളും കമ്മിഷന്‍ മുന്‍പാകെ പരിഗണനയ്ക്ക് എത്തി. ഇതിനു പുറമേ മക്കള്‍ നോക്കാത്ത അമ്മമാരുടെ പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്.
സിറ്റിങ്ങില്‍ ആകെ 67 പരാതികള്‍ പരിഗണിക്കുകയും 16 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. എട്ട് പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ടിനായി നല്‍കും. 43 പരാതികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. വനിത കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഡ്വ. ബിന്ദു രഘുനാഥ്, അഡ്വ. സജിത അനില്‍, ഫാമിലി കൗണ്‍സിലര്‍ മാല രമണന്‍ എന്നിവര്‍ പങ്കെടുത്തു.