ഭരണഘടന നിലനിൽക്കുന്നോളം ജനാധിപത്യത്തെ ഇല്ലാതാക്കാനാകില്ല : പി എസ് ശ്രീധരൻ പിള്ള

 
ps

ഭരണഘടന നിലനിൽക്കുന്നിടത്തോളം ജനാധിപത്യത്തെ ഇന്ത്യയിൽ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. കൊച്ചിയിൽ എൻ എ എം കെ ഫൗണ്ടേഷന്റെ സാസ്കാരിക സംഘടനയായ ട്രയാംഗിളും വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും ചേർന്ന് രാഷ്ട്രീയത്തിലെ ധാർമ്മികത (മൊറാലിറ്റി ഇൻ പൊളിറ്റിക്സ്) എന്ന വിഷയത്തിൽ സംഘടിപ്പിച്ച  സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന്റെ ധാർമ്മികത എന്നാൽ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുകയാണെന്നും അതാണ്  സാധാരണക്കാരിലേക്ക് എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളാണ് ഒരു നല്ല രാഷ്ട്രീയ നേതാവിനെ വളർത്തിയെടുക്കുന്നത്. ഇന്ന് അതിന് സാധിക്കാത്ത സ്ഥിതിയാണ്. ഇന്നലത്തെ രാഷ്ട്രീയക്കാർ എല്ലാം അങ്ങോട്ടു കൊടുക്കുന്നവരായിരുന്നു. എന്നാൽ ഇന്നത്തെ രാഷ്ട്രീയം എല്ലാം ഇങ്ങോട്ടു പിടിച്ചു വാങ്ങുന്നവരുടേതാണോ എന്ന് പറയാൻ ​ഗവർണർ എന്ന നിലയ്ക്കുള്ള പരിമിതികൾ തന്നെ അനുവദിക്കുന്നില്ലെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

സെക്കുലറിസം എന്നത് രാജ്യം ഭരിക്കുന്നവരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും നാമോരോരുത്തരുടേയുമാണെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച മാധ്യമ വിദഗ്‌ധനും നിയമ പണ്ഡിതനുമായ ഡോ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ധാർമ്മികതയും മൂല്യവും ഉറപ്പുതരുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളതെന്നും അതിനനുസരിച്ച് ജീവിക്കുക എന്നത് നമ്മുടെയെല്ലാം ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുസമയത്ത് അവതരിപ്പിക്കുന്ന പ്രകടനപത്രിക നിയമ സാധുതയുള്ള രേഖയാക്കണമെന്നും അത് പാലിക്കപ്പെടുന്നില്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് കഴിയണമെന്നും ചടങ്ങിൽ സംസാരിച്ച പൊതുപ്രവർത്തകൻ . പി ജെ ആന്റണി പറഞ്ഞു.

സെമിനാറിൽ മികച്ച പ്രബന്ധത്തിനുള്ള 5000 രൂപയുടെ ക്യാഷ് പ്രൈസ് കൊച്ചി കെഎംഎം കോളേജിലെ ഹേമന്ത് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള 3000, 2000 രൂപയുടെ ക്യാഷ് പ്രൈസുകൾ വിദ്യാ ഭാരതി കോളേജിലെ ​ഗോപിക നന്ദ, നിമിഷ ബിനോയ് ടീമും, നന്ദന രാജീവ്, സ്നേഹ ആൻ തോമസ്, ക്രിസ് കെ ജോസ് എന്നിവരുടെ ടീമും കരസ്ഥമാക്കി. ഇവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ ​പി എസ് ശ്രീധരൻപിള്ള നിർവഹിച്ചു. 

ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രയാംഗിൾ വൈസ് ചെയർമാനുമായ റോയ് വാരിക്കാട്ട് അധ്യക്ഷനായിരുന്ന ചടങ്ങിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ബാബു കള്ളിവയലിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രയാംഗിൾ ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി സ്വാഗതവും ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ കെ ബി മധു നന്ദിയും പറഞ്ഞു.