ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത് കോടികളുടെ വികസനം: മന്ത്രി ഡോ. ആര്‍ ബിന്ദു

പൊതുവിദ്യാഭ്യാസ മേഖലയുടെ വിജയത്തിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കി കോടികളുടെ വികസനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു. നെടുമങ്ങാട് ഗവ. കോളേജില്‍ പുതുതായി നിര്‍മ്മിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മലയാള വിഭാഗം പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ആയിരം കോടിയായിരുന്നു ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയത്. ഇത്തവണ അത് 1500 കോടിയായി ഉയര്‍ത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ ചുവട്പിടിച്ച് എല്ലാ കോളേജുകളിലും പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും. പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രയോജനം സമൂഹത്തിന് ലഭ്യമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ കൂടുതല്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ അക്കാദമിക് ലൈബ്രറികളെയും കൂട്ടിച്ചേര്‍ത്ത് ഡിജിറ്റല്‍ വിഭവശേഖരം തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.