ചെറിയ പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി വിശ്വാസികള്‍

കണക്കുകള്‍ പ്രകാരം ഇന്ന് ചന്ദ്രപ്പിറവി

 
edi

 ശാസ്ത്രീയ കണക്കുകള്‍ പ്രകാരം ഇന്ന് കേരളത്തില്‍ ചന്ദ്രപ്പിറവി ദര്‍ശിക്കും. അതുകൊണ്ട് തന്നെ നാളെ ചെറിയ പെരുന്നാള്‍ ആകും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ 30 ഉം ഒമാനിലും കേരളത്തിലും ഇന്ന് റമദാന്‍ 29 ഉം ആണ്.

അതേസമയം ചന്ദ്രപ്പിറവി ദര്‍ശിച്ചില്ലെങ്കില്‍ നോമ്പ് അനുഷ്ഠിക്കുക, ചന്ദ്രപ്പിറവി ദര്‍ശിച്ചാല്‍ പെരുന്നാള്‍ ആഘോഷിക്കുക എന്ന നിലപാടാണ് ഖാസിമാര്‍ തീരുമാനിക്കുക. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ഇന്ന് ചന്ദ്രന്‍ ഉദിച്ചെന്ന് അറിഞ്ഞാല്‍ മാത്രം ഖാസിമാര്‍ പെരുന്നാള്‍ തീരുമാനിക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ക്ക് പുതിയ മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ.

മുന്‍ കാലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഖാസിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും പെരുന്നാള്‍ ആഘോഷം രണ്ട് ദിവസങ്ങളിലായി നടന്ന ചരിത്രവുമുണ്ട്. ഇത് വലിയ തര്‍ക്കങ്ങളിലേക്ക് പോയ സാഹചര്യത്തില്‍ ഖാസിമാര്‍ക്കിടയിലെ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ തീരുമാനമെടുത്ത് വരുന്നത്. ഇതിനാല്‍ തന്നെ ശാസ്ത്രീയ കണക്കുകള്‍ പ്രകാരം ചന്ദ്രപ്പിറവി നടന്നെന്ന് ബോധ്യപ്പെടുന്ന മുസ്‌ലിംകളിലെ എല്ലാ വിഭാഗങ്ങളിലും പെടുന്ന ധാരാളം പേര്‍ നോമ്പും പെരുന്നാളും സ്വീകരിക്കാറുണ്ടെങ്കിലും മുസ്‌ലിം ഐക്യത്തിന്റെ പേരില്‍ പരസ്യമായ ആഘോഷങ്ങള്‍ നടത്താറില്ല. അവര്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ നോമ്പ് എടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തന്നെ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്.

ഇന്ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് ഖാസിമാര്‍ കാത്തുനില്‍ക്കും. ഇന്ന് സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം 6.38 നാണ് സൂര്യാസ്തമയം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷം 41 മിനിട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകുമെന്നതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മാസം കണ്ടില്ലെന്ന് പറഞ്ഞാലും വലിയൊരു വിഭാഗം നാളെ നോമ്പ് എടുക്കില്ല.

ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് തടസമാകാറുള്ളത്. കേരള തീരത്ത് ഇന്ന് പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇന്ന് 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയില്ലാത്തതും ചന്ദ്രപ്പിറവി ദര്‍ശനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ഇന്ന് ചന്ദ്രപ്പിറവി ഉറപ്പാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ന് റമദാന്‍ 29 ആണ്. ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമായാല്‍ ഹിജ്‌റ കലണ്ടര്‍ പ്രകാരം റമദാന്‍ മാസം അവസാനിച്ച് നാളെ ശവ്വാല്‍ മാസം ഒന്ന് ആവുകയും ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുകയും ചെയ്യും.