മലയാളത്തിൽ പാഠപുസ്തകങ്ങളുമായി ഡിജിറ്റൽ സർവകലാശാല രാഷ്ട്രപതി ആദ്യ സെറ്റ് പുസ്തകം പ്രകാശനം ചെയ്തു

 
pris
സാങ്കേതിക വിദ്യാഭ്യാസത്തിൽ മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ഡിജിറ്റൽ സർവകലാശാല ഏഴ് ടെക്‌നിക്കൽ ഡിപ്ലോമ, ഡിഗ്രി തലത്തിലുള്ള പാഠപുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.  ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എഡ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി) അനുസൃതമായി മലയാളം ഉൾപ്പെടെ 12 പ്രാദേശിക ഭാഷകളിലേക്ക് സാങ്കേതിക പാഠ പുസ്തകങ്ങൾ വിവർത്തനം ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡിജിറ്റൽ സർവകലാശാല പാഠ പുസ്തകങ്ങൾ മലയാളത്തിൽ പുറത്തിറക്കുന്നത്. എൻജിനിയറിങ് കോഴ്‌സുകളിലെ ആദ്യ വർഷത്തെ 20 കോഴ്‌സുകളിലെ പാഠ പുസ്തകങ്ങളാണ് പ്രാദേശിക ഭാഷയിൽ ഇറക്കുന്നത്. ഇതിൽ 11 ഡിപ്ലോമ കോഴ്‌സും ഒമ്പത് ഡിഗ്രി തലത്തിലുള്ള കോഴ്‌സുകളും ഉൾപ്പെടുന്നു.

ഫലത്തെ അടിസ്ഥാനമാക്കിയുള്ള പഠനം, യഥാർത്ഥ ജീവിത ഉദാഹരണങ്ങൾ, എൻജിനീയറിങ് ആൻഡ് ടെക്‌നോളജി 2018 ലെ എ.ഐ.സി.ടി.ഇ മോഡൽ പാഠ്യപദ്ധതി പ്രകാരമാണ് പുസ്തകങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ കോളജുകളിലെ പ്രൊഫസർമാരും വിവർത്തകരുമാണ് പുസ്തകം മലയാളത്തിൽ തയാറാക്കിയിരിക്കുന്നത്. ഒന്നാം വർഷ കോഴ്‌സ് പാഠപുസ്തകങ്ങൾ പുറത്തിറക്കുന്ന നാലാമത്തെ ഇന്ത്യൻ ഭാഷയാണ് മലയാളം. നിലവിൽ രണ്ടാം വർഷ എൻജിനീയറിങ് കോഴ്‌സുകളുടെ 42 പുസ്തകങ്ങളും പരിഭാഷ പുരോഗമിക്കുകയാണ്.
വിർച്വൽ റിസോഴ്‌സ് സെന്റർ ഫോർ ലാംഗ്വേജ് കംപ്യൂട്ടിങിലെ (വി.ആർ.സി.എൽ.സി) 10 അംഗ സംഘത്തിനൊപ്പം വിവർത്തകരും നിരൂപകരുമായി 100ലധികം ഫാക്കൽറ്റി അംഗങ്ങളുണ്ട്. നാളെ തലസ്ഥാനത്തെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥിന് കോപ്പി നൽകി പുസ്തകങ്ങൾ പ്രകാശനം ചെയ്യും.