സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ

 
obit

 ഹാസ്യസിനിമകൾക്ക് വേറിട്ട ശൈലി നൽകിയ സംവിധായകൻ സിദ്ദിഖ് ഇനി ഓർമ. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ മലയാളികളുടെ പ്രിയസംവിധായകന്റെ ഖബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഉദര രോഗത്തെത്തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത്. സിദ്ദിഖിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ലാല്‍, സംസ്‌കാര ചടങ്ങുകള്‍ വരെ മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്നു.പതിനാറാം വയസു മുതല്‍ ഒപ്പം ചേര്‍ന്ന ചങ്ങാതിയെ അവസാനമായി കാണാന്‍ എത്തിയ നടന്‍ ലാല്‍ പൊട്ടിക്കരഞ്ഞതു കണ്ടുനിന്നവരെ ദുഃഖത്തിലാഴ്ത്തി.മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, ജയറാം, വിനീത്, മിഥുന്‍ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധിപേര്‍ സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി
  ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധയുമുണ്ടായി. തിങ്കളാഴ്ച പകൽ മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് എക്‌മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നിരവധി പേരാണ് സിദ്ദിഖിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.34 വർഷം മുൻപ് ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലൂടെ മലയാളത്തിൽ ചിരിയുടെ പുതിയ ട്രാക്ക് സൃഷ്ടിച്ച സിദ്ദിഖ്-ലാൽ സംവിധായക കൂട്ടുകെട്ട് തുടർന്ന് ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ‘ഇൻ ഹരിഹർ നഗർ’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’, ‘കാബൂളിവാല’ എന്നീ സിനിമകൾക്കുശേഷം സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും വിജയചരിത്രം തുടർന്നു.

‘ഹിറ്റ്ലർ’, ‘ഫ്രണ്ട്സ്’, ‘ക്രോണിക് ബാച്ചിലർ’, ‘ബോഡിഗാർഡ്’, ‘ലേഡീസ് ആൻഡ് ‍ജന്റിൽമാൻ’, ‘ഭാസ്കർ ദ റാസ്കൽ’, ‘കിങ് ലയർ’, ‘ഫുക്രി’, ‘ബിഗ് ബ്രദർ’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.സൽമാൻ ഖാൻ നായകനായ ‘ബോഡിഗാർഡി’ന്റെ ഹിന്ദി റീമേക്ക് 200 കോടിയിലേറെ രൂപ കലക്‌ഷൻ നേടി. ‘ഫ്രണ്ട്സ്’, ‘എങ്കൾ അണ്ണ’, ‘കാവലൻ’, ‘സാധുമിരണ്ട’, ‘ഭാസ്കർ ഒരു റാസ്കൽ’ എന്നീ സിനിമകൾ തമിഴിലും ‘മാരോ’ എന്ന ചിത്രം തെലുങ്കിലും സംവിധാനം ചെയ്തു.മോഹൻലാൽ നായകനായ ‘ബിഗ് ബ്രദർ’ (2020) ആണ് അവസാന സിനിമ. മഹാരാജാസിൽ വിദ്യാർഥിയായിരിക്കെ മിമിക്രി, മോണോ ആക്ട് വേദികളിൽ തിളങ്ങിയ സിദ്ദിഖ് കൊച്ചിൻ കലാഭാവനിലൂടെയാണ് കലാവേദികളിൽ സജീവമായത്. സത്യൻ അന്തിക്കാടിന്റെ ‘പപ്പൻ പ്രിയപ്പെട്ട പപ്പന്’ തിരക്കഥയൊരുക്കിയായിരുന്നു സിദ്ദിഖ്–ലാൽ ജോടിയുടെ സിനിമയിലെ അരങ്ങേറ്റം.