സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

ചിരിയുടെ ഗോഡ്ഫാദറിന് വിട
 
film

സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിദ്ധിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. .മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.film

1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.

സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.

ലേഡീസ് ആന്റ് ജന്റിൽ മാൻ, കിംഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.

ചലച്ചിത്രകാരൻ സിദ്ദിഖിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ  പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.   റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ ന​ഗർ, ​ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രം​ഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും  നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോ​ഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംവിധായകൻ സിദ്ദീഖിന്റെ നിര്യാണത്തിൽ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ചേക്കേറിയ സംവിധായകൻ ആണ് സിദ്ദിഖ്.

കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങൾ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ട് .

ലാൽ എന്ന സംവിധായകനോടൊപ്പം ചേർന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും, അല്ലാതെ  ഒറ്റക്ക് ചെയ്ത ചിത്രങ്ങളും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു.

അദ്ദേഹത്തിന്റെ ചിത്രത്തിലെ ചില ഡയലോഗുകൾ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കാറുണ്ട്.

ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദീഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണ്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിദ്ദിഖിന്റെതായി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അനുശോചന കുറിപ്പ്

പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണ്. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ നായകർ പ്രശ്നങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ടു അവസാനം ശുഭകരമായി വിജയിക്കുന്ന പോലെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അതുണ്ടായില്ല. 

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലങ്ങളിൽ ലാലിനൊപ്പവും തുടർന്ന് സ്വന്തം നിലയിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഒട്ടുമുക്കാലും തിയേറ്ററുകളിൽ ഓളങ്ങൾ സൃഷ്ടിച്ചവയാണ്. റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങിയ പടങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റ് ശ്രേണിയിലുള്ളവയാണ്. ഇന്നും ഏറെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ എന്നത് സിദ്ദിഖിലെ സംവിധായകന്റെ മികവിനെയാണ് കാണിക്കുന്നത്. ഹാസ്യപ്രധാനമായ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അത് തെളിയിക്കുവാനും സിദ്ദിഖിന് സാധിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിദ്ദിഖ് വിടവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ലെഗസി ഇവിടെത്തന്നെ ആ സിനിമകളിലൂടെ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മലയാളികളുടെയെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ നേരുന്നു.

സിദിഖിന്റെ  നിര്യാണത്തിൽ പ്രതിപക്ഷ നേതാവിന്റെ അനുശോചനം


സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖ്.

 മലയാള സിനിമയെ വാണിജ്യ  വഴിയിലേക്ക് നടത്തിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. സിദ്ധിഖ് -ലാല്‍ എന്ന പേരില്‍ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്‌. എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സ്രഷ്ടാക്കളായാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല... എല്ലാം മറക്കാനാകാത്ത സിനിമകളാണ്.

അനുഗ്രഹീത കലാകാരനായിരൂന്ന സിദ്ദിഖിന്റെ നിര്യാണം കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.  

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

സിനിമാ സംവിധായകൻ സിദ്ധിഖിന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

ചിരിപ്പടങ്ങൾക്കും സൂപ്പർഹിറ്റാകാൻ കഴിയുമെന്നു തെളിയിച്ച സംവിധായകനായിരുന്നു സിദ്ധിഖ്. ഹാസ്യം മാത്രമല്ല ഗൗരവമുള്ള വിഷയങ്ങളും തനിക്കു വഴങ്ങുമെന്ന് സിദ്ധിഖിന്റെ പിന്നീടുള്ള പല സിനിമകളും തെളിയിക്കുകയുണ്ടായി. ചലച്ചിത്രരംഗത്തിന് സിദ്ധിഖിന്റെ വേർപാട് വലിയൊരു നഷ്ടമാണെന്ന് രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തിൽ പറഞ്ഞു.