കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് സിനിമ കാണാനെത്തി ജില്ലാ കളക്ടർ
സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർഥികൾക്ക് നൽകിയ വാക്ക് പാലിച്ച് അവർക്കൊപ്പം സിനിമ കണ്ട് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. കുട്ടികളുടെ ആഗ്രഹത്തിനൊപ്പം ചേർന്ന കളക്ടറുടെ വേറിട്ട ഇടപെടൽ വിദ്യാർഥികൾക്ക് മറക്കാനാവാത്ത അനുഭവമായി.
നവംബർ 24ന് കുറ്റിച്ചൽ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ചപ്പോഴാണ് കളക്ടറോട് വിദ്യാർഥികൾ സിനിമ കാണാനുള്ള ആഗ്രഹം പങ്കുവെച്ചത്. ആഗ്രഹം സാധിച്ചുനൽകാമെന്ന് ഉറപ്പുനൽകിയാണ് അന്ന് കളക്ടർ മടങ്ങിയത്.
വാക്കുപാലിച്ച് കാട്ടാക്കട ശ്രീ കാളിദാസ് എംപ്ലക്സ് തിയേറ്ററിൽ 'രാമായണം' സിനിമ കാണാനാണ് കളക്ടർ എത്തിയത്. സ്കൂളിലെ 74 വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പമാണ് കളക്ടർ സിനിമ കണ്ടത്. കുട്ടികൾക്കൊപ്പം സിനിമ ആസ്വദിച്ച അവർ വിദ്യാർഥികളുമായി സംവദിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ജില്ലാ കളക്ടർക്കൊപ്പം സിനിമ കാണാനായതിന്റെ സന്തോഷവും ആവേശവും വിദ്യാർഥികൾ പങ്കുവെച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനോയ്, സ്റ്റാഫ് സെക്രട്ടറി സിദ്ധാർഥ്, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
