തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? പ്രതിപക്ഷ നേതാവ്

 
V D

രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും സി.പി.എം ക്രൂരമായി അവഹേളിച്ചു; രാഹുല്‍ ഗന്ധിക്കെതിരായ പി.വി അന്‍വറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം;അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയത പടര്‍ത്തുന്ന ബി.ജെ.പിയുമായി സി.പി.എം സന്ധി ചെയ്യുന്നു; പിണറായിയും ഗോവിന്ദനും സുരേന്ദ്രനും മുരളീധരനും ഒന്നിച്ച് പത്രസമ്മേളനം നടത്തുന്ന കാഴ്ച കൂടിയെ കേരളം കാണാനുള്ളൂ;

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടി യു.ഡി.എഫ് ചരിത്ര വിജയം നേടും. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എല്ലാ നിയന്ത്രണവും വിട്ടുകൊണ്ടുള്ള പ്രചരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ പി.വി അന്‍വര്‍ നടത്തിയ അത്യന്തംഹീനമായ പ്രസ്താവന മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഹീനവും ക്രൂരവും നിലവാരവും ഇല്ലാത്ത പ്രസ്താവന രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയത്. മര്യാദയ്ക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ള് വാങ്ങിക്കൊടുത്ത് ചട്ടമ്പികളെ അയച്ച് അസഭ്യവര്‍ഷം നടത്തുന്നതിന്റെ ആധുനിക കാലത്ത് പുനരവതരണമാണ് പി.വി അന്‍വറിലൂടെ പിണറായി വിജയന്‍ നിര്‍വഹിച്ചിരിക്കുന്നത്. 
വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടോണ്ടത്. അതുകൊണ്ട് പിണറായി വിജയനോടാണ് പോരാടേണ്ടത്. ചിലര്‍ക്ക് നെഗറ്റീവ് വാര്‍ത്ത ആയാലും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നാല്‍ മതി. 

തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോള്‍ തന്നെ പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയാണ്. ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയാണ്. ബി.ജെ.പിയെ ഭയന്നാണ് പിണറായി ഭരിക്കുന്നത്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കസവുകെട്ടിയ പേടിത്തൊണ്ടന്‍ എന്ന പദത്തിന് അടിവരയിടുന്ന സംഭവമാണ് ഇന്നുണ്ടായത്. ബി.ജെ.പിയെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും രക്ഷ തേടാന്‍ പിണറായി വിജയന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി പിണറായിയെ ഭയപ്പെടുത്തുകയാണ്. താന്‍ പോലും ഉപയോഗിക്കാത്ത കടുത്ത ഭാഷയിലാണ് കേരള മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതെന്ന് പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്. മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്. 

രാഹുല്‍ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെ ഒന്നാകെയാണ് സി.പി.എം അപമാനിച്ചത്. രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടുമുള്ള ക്രൂരമായ അപമാനമാണിത്. ഇതേ അന്‍വറിനെ ഉപയോഗിച്ച് പിണറായി വിജയന്‍ എനിക്കെതിരെയും 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി കൊട്ടയിലിട്ടു. ആര്‍ക്കെതിരെയും എന്തും പറയിപ്പിക്കാവുന്ന ആയുധമാണ് അന്‍വര്‍. അയാളെ ഞാന്‍ ഒന്നും പറയുന്നില്ല. കാരണം മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത്. 

ഇന്ന് വിശ്വോത്തര സാഹിത്യകാരനായ വില്യം ഷേക്‌സ്പിയറിന്റെ ജന്മദിനവും ചരമദിനവുമാണ്. അധികാരവും പദവികളും ദുിച്ച മാക്ബത്ത് ഷേക്‌സ്പിയറിന്റെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി വിഷം ചീറ്റുകയാണ്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനമാണ് പരസ്യമായി പഷിപ്പിച്ച ഭരണകര്‍ത്താക്കളെ കുറിച്ച് ഒരുപാട് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. അധികാര ദുര്‍മോഹിയും അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി എല്ലാ ദുഷിച്ച മാര്‍ഗങ്ങളും സ്വീകരറയുന്നത്. ഭിന്നിപ്പുണ്ടാക്കാന്‍ വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്തുകയാണ്. 400 സീറ്റ് കിട്ടി അധികാരത്തില്‍ വരുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സീറ്റുകള്‍ കുറയുമോയെന്ന ഭയപ്പാടിലാണ്. അതില്‍ നിന്നും കരകയറാനുള്ള അവസാന ശ്രമമാണ് രാജസ്ഥാനിലെ പ്രസംഗം. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരണഘടനാ സംവിധാനങ്ങളെ എത്രത്തോളം ദുര്‍ബലമാക്കി എന്നതിന്റെ കൂടി ഉദാഹരണമാണിത്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയത പടര്‍ത്തുന്ന ബി.ജെ.പിയുമായാണ് കേരളത്തിലെ സി.പി.എം സന്ധി ചെയ്തിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഗുജറാത്തിലെ എല്ലാ സീറ്റുകളും ബി.ജെ.പി തൂത്തുവാരുമെന്ന് പറഞ്ഞത്. കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മിടുമിടുക്കരാണെന്ന് പറഞ്ഞതും ബി.ജെ.പി നേതാക്കളല്ല, എല്‍.ഡി.എഫ് കണ്‍വീനറാണ്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. 

വടകരയില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ വൈകാരിക പ്രകടനത്തോടെ കൊണ്ടു വന്ന നുണ ബോംബ് ചീറ്റിപ്പോയി. അവസാനം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്നെ അത്തരമൊരു വീഡിയോ ഇല്ലെന്ന് പറഞ്ഞിട്ടും വിഡീയോ ഉണ്ടെന്നും പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും കൂടിയാണെന്നാണ് എം.വി ഗോവിന്ദന്‍ ഇന്നും പറഞ്ഞത്. അതിനെ നിയമ നടപടി സ്വീകരിക്കും. വാ തുറന്നാല്‍ എന്തും പറയുന്ന ആളാണ് ഗോവിന്ദന്‍. ഇല്ലാത്ത പോസ്റ്ററും വീഡിയോയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പി.ആര്‍ ഏജന്‍സി ഉണ്ടാക്കേണ്ട അവസ്ഥയിലാണ്. ഷാഫിയെ തോല്‍പ്പിക്കാന്‍ വേണ്ടി വൈകാരികമായി ഗദ്ഗദകണ്ഠയായാണ് സംസാരിച്ചത്. ഇപ്പോള്‍ പറയുന്നു കരഞ്ഞതല്ല, പൊടിയുടെ അലര്‍ജിയാണെന്ന്. എന്തൊരു കാപട്യമാണിത്. എന്നിട്ടും വടകരയില്‍ നടന്നത് തെമ്മിടിത്തമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചീറ്റിപ്പോയ പടക്കവുമായി കുട്ടി നില്‍ക്കുന്നത് പോലെയാണ് ചീറ്റിപ്പോയ പടക്കവുമായി ഇന്ന് പിണറായി വിജയന്‍ നിന്നത്. ചീറ്റിപ്പോയതിന്റെ വിഷമമാണ് പിണറായി ഇന്ന് പ്രകടിപ്പിച്ചത്. എന്ത് വൃത്തികേടും പറയാനും പ്രചരിപ്പിക്കാനും മടിയില്ലാത്തവരായി കേരളത്തിലെ സി.പി.എം മാറി. 

രാഹുല്‍ ഗാന്ധിക്കെതിരെ ഏറ്റവും മോശമായ പ്രചരണം നടത്തിയത് സി.പി.എമ്മാണ്. ഇന്ത്യ മുന്നണിയേക്കാള്‍ സി.പി.എമ്മിന് നല്ലത് എന്‍.ഡി.എയാണ്. ആ ഘട്ടത്തിലേക്ക് സി.പി.എം എത്തിയിരിക്കുകയാണ്. പിണറായിയും ഗോവിന്ദനും സുരേന്ദ്രനും മുരളീധരനും ഒന്നിച്ച് പത്രസമ്മേളനം നടത്തുന്ന കാഴ്ച മാത്രമെ ഇനി കേരളം കാണാനുള്ളൂ. ഒരേ വാചകങ്ങളാണ് ഇവര്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞ തുറമുഖത്തിനെതിരെ സമരം നടത്തിയവര്‍ തീവ്രവാദികളാണെന്ന് കേരളം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ദേശാഭിമാനി പത്രത്തില്‍ വികാരി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ തീവ്രവാദികളാണെന്ന് അവരുടെ പടങ്ങള്‍ നല്‍കിക്കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഗൂഡോലോചന നടത്തിയാണ് രൂപതയുടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കേരള മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അത് ചെയ്തത്. 

കേരള ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം കേരള ഭരണത്തിന്റെ കൂടി വിലയിരുത്തലാകും എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോയെന്ന് വെല്ലുവിളിക്കുന്നു. ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതും മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ഇല്ലാത്തതും ഖജനാവ് കാലിയാക്കിയതും കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരെ കുറിച്ചും ഗൗരവതരമായി തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. ഒരു സീറ്റില്‍ പോലും എല്‍.ഡി.എഫ് വിജയിക്കില്ല. 

എന്നെ മാത്രം വിമര്‍ശിക്കാതെ മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. മോദിയെ വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയിട്ടും നിങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും തന്നില്ലല്ലോയെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. അത് സത്യമല്ലെ? ലൈഫ് മിഷന്‍ അഴിമതിയില്‍ പിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ലല്ലോ. ആറര കൊല്ലമായിട്ടും ലാവലിന്‍ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്? രാഹുല്‍ ഗാന്ധിയെ പത്ത് വര്‍ഷം മുന്‍പ് ബി.ജെ.പി അപമാനിച്ചത് ഇപ്പോള്‍ പിണറായിയും കൂട്ടരും ഏറ്റെടുത്തിരിക്കുകയാണ്. പൗരത്വത്തെ കുറിച്ച് പറഞ്ഞും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിനെതിരായ അമര്‍ഷവും രോഷവും തിരഞ്ഞെടുപ്പ് അജണ്ടയില്‍ വരാതിരിക്കാനുള്ള കൗശലവും ചുളുവില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാനുള്ള ശ്രമമവുമാണ് പിണറായി വിജയന്‍ നടത്തിയത്. അത് തുറന്നുകാട്ടപ്പെട്ടു. രാഹുല്‍ ഗാന്ധി വടക്കേ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയെന്ന് മോദി പറഞ്ഞതിന്റെ പിറ്റേ ദിവസം അതേ വാചകം പിണറായിയും പറഞ്ഞു. രണ്ടു പേരുടെയും പ്രസ്താവനകള്‍ ഒരുടത്താണോ തയാറാക്കുന്നതെന്നു പോലും സംശയമുണ്ട്. സ്മൃതി ഇറാനിയുടെ രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനയും പിറ്റേ ദിവസം പിണറായി ആവര്‍ത്തിച്ചു. ലീഗ് പതാക അഞ്ച് വര്‍ഷം മുന്‍പ് വിവാദമാക്കിയത് ബി.ജെ.പി. ഇപ്പോള്‍ വിവാദമാക്കിയത് പിണറായി. അപ്പോള്‍ ബി.ജെ.പിയും പിണറായി വിജയനും തമ്മില്‍ ദൂരമില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ എത്ര വിധേയനായും ഭയന്നുമാണ് പിണറായി വിജയന്‍ നിന്നത്. 

പൗരത്വ നിയമം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണയാണ്. 35 ദിവസമായി രാഹുല്‍- കോണ്‍ഗ്രസ് വിരുദ്ധ പ്രചരണമാണ് മുഖ്യമന്ത്രി നടത്തുന്നത്. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി വിദേശത്താണെന്നുമുള്ള പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെല്ലാം തെളിവ് ഹാജരാക്കിയിട്ടും മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പി. ചിദംബരവും വ്യക്തമാക്കിയിട്ടുണ്ട്. 19 സീറ്റില്‍ മത്സരിക്കുന്ന ബി.ജെ.പിയാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയുന്നതും ജനങ്ങളെ പറ്റിക്കലാണ്. സാമാന്യ ബോധമുള്ള ആരും പറയില്ല.  പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്തതിനുള്ള കേസുകള്‍ പിന്‍വലിക്കാത്തതും ബി.ജെ.പിയെ സുഖിപ്പിക്കാനാണ്. എന്നിട്ടാണ് പൗരത്വത്തോട് സ്‌നേഹവുമായി വരുന്നത്. ജനങ്ങള്‍ ഒന്നും മറക്കില്ല. വിഷയറങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകായാണ്. നവകേരള സദസും വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെയും സിദ്ധാര്‍ത്ഥിന്റെയും മരണവും റിയാസ് മൗലവി കേസിന്റെ വിധിയും ഉള്‍പ്പെടെ നിരവധി കാര്യങ്ങളുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശമായതാണ് കേരളത്തിലെ ഭരണകൂടം. അത് ചര്‍ച്ച ചെയ്യപ്പെടും. 

തൃശൂര്‍ പൂരത്തിന് തലേ ദിവസം രാത്രി മുതല്‍ പിറ്റേ ദിവസം രാവിലെ ഏഴര വരെ കമ്മിഷണര്‍ അഴിഞ്ഞാടിയെന്നാണ് പറയുന്നത്. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന രണ്ട് മന്ത്രിമാരും കമ്മിഷണര്‍ അഴിഞ്ഞാടിയത് അറിഞ്ഞില്ലേ? സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പിയും അറിഞ്ഞില്ലേ? ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും അറിഞ്ഞില്ലേ? പിറ്റേ ദിവസമാണോ മുഖ്യമന്ത്രി അറിഞ്ഞത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള നാടകമായിരുന്നു. വര്‍ഗീയമാക്കി മാറ്റി ബി.ജെ.പി നേട്ടമുണ്ടാക്കി കൊടുക്കാനാണ് ശ്രമിച്ചത്. ഇവര്‍ എന്‍.ഡി.എയില്‍ പോയാല്‍ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒന്നിച്ച് നേരിട്ടാല്‍ മതിയല്ലോ.