ഇ. ഡി. മർദിച്ചെന്നത് പച്ചക്കളം; ' കേന്ദ്രവേട്ട' ക്യാപ്സൂൾ ചിലവാകില്ല: വി.മുരളീധരൻ

 
murali

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളന്മാർ ഇ.ഡിയെ പേടിച്ച് നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുൻമന്ത്രിയടക്കം ഭയക്കുന്നത് എന്തിനാണെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. 
പാവപ്പെട്ടവൻ്റെ ജീവിത സമ്പാദ്യം കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

ഇ.ഡിയുടെ മുന്നിൽപെട്ടാൽ രക്ഷയില്ലെന്ന് എ.സി.മൊയ്തീനും കൂട്ടർക്കും നന്നായി അറിയാം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉണ്ടായ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഒഴിഞ്ഞുനടക്കുന്നത്. 

ഇ.ഡി തല്ലിയെന്നും വിരട്ടിയെന്നും പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കേരളപൊലീസിന്‍റെ ഇരുട്ടറ ചോദ്യംചെയ്യലല്ല എൻഫോഴ്സ്മെന്‍റിൽ നടക്കുന്നത്. തല്ലിയെങ്കിൽ തെളിവ് ഹാജരാക്കട്ടെ.

"കേന്ദ്രവേട്ട " എന്നത് സ്ഥിരം  ക്യാപ്സൂൾ ആയെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി അത് മാറ്റിപിടിക്കട്ടെ എന്നും മുരളീധരൻ പരിഹസിച്ചു.  മുഖ്യമന്ത്രിയുടെ മകൾ ആദായ നികുതി ബോർഡിനെതിരെ കോടതിയിൽ പോകാത്തത് കൂടുതൽ വിവരങ്ങൾ വെളിയിൽ വരുമെന്ന് ഭയന്നിട്ടാണ്. 

മാസപ്പടിയിൽ പരാമർശിക്കുന്ന പി.വി. പിണറായി വിജയൻ അല്ലെങ്കിൽ അത് ആരെന്ന് കണ്ടെത്താൻ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിക്കട്ടെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

 എം.വി.ഗോവിന്ദന്  ബുദ്ധി തെളിയാൻ ബ്രഹ്മി കഴിക്കണം. സിപിഎം സെക്രട്ടറി മനപൂർവം ജനത്തെ കബളിപ്പിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.
 
കരുവന്നൂരിൽ കോൺഗ്രസ് മിണ്ടുന്നില്ലന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  കരുവന്നൂരിലും അയ്യന്തോളിലും നടന്ന തട്ടിപ്പിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടാകും. കോൺഗ്രസിന്‍റെ മുൻസഹകരണമന്ത്രിയടക്കം ആരോപണനിഴലിലാണ്. അതുകൊണ്ടാണ് പ്രതിപക്ഷം വാ തുറക്കാത്തതെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. 

കരുവന്നൂരിലും മാസപ്പടിയിലുമെല്ലാം സഹകരണാത്മക ഭരണപ്രതിപക്ഷമായാണ് മുന്നോട്ട് പോകുന്നത്. I.N.D.I.A കൊള്ളയാണ് ഇതിലെല്ലാം കാണുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു